ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ ഖത്തർ ലോകകപ്പിന് ശേഷവും താൻ ഫുട്ബോളിൽ ഉണ്ടാകും. വിരമിക്കലിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലന്നും റൊണാൾഡോ. 2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കളിക്കാൻ പദ്ധതിയുണ്ടെന്നും 37 കാരനായ പോർച്ചുഗൽ താരം പറഞ്ഞു.
“ഞാൻ ഇപ്പോഴും പ്രചോദിതനാണ്. എൻ്റെ അഭിലാഷം വളരെ ഉയർന്നതാണ്,” ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച പുരസ്കാര വേദിയിൽ വെച്ചാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. “ഒരുപാട് യുവതാരങ്ങളുള്ള ഒരു ദേശീയ ടീമിലാണ് ഞാൻ. എനിക്ക് ലോകകപ്പിലും യൂറോയിലും കളിക്കണം. ഖത്തറിൽ നടക്കുന്ന ലോകകപ്പ് തൻ്റെ അവസാനത്തേതായിരിക്കുമോ എന്ന ചോദ്യത്തിന് ഈ വർഷം ആദ്യം തന്നെ റൊണാൾഡോ വിരമിക്കൽ ചർച്ചകൾ നിരസിച്ചിരുന്നു. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുന്നേറ്റ താരമാണ് റൊണാൾഡോ. ക്ലബിനായി കാര്യമായ സംഭാവനകൾ നൽകാൻ താരത്തിന് ആയിട്ടില്ല.
117 അന്താരാഷ്ട്ര ഗോളുകളോടുകൂടി പുരുഷൻമാരുടെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് റൊണാൾഡോ ഖത്തർ ലോകകപ്പിന് ഇറങ്ങുന്നത്.