ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. ആര് എസ് എസിൻ്റെ വക്കാലത്തുമെടുത്ത് അവര്‍ക്കുവേണ്ടി ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നയാളായി ആരിഫ് മുഹമ്മദ് ഖാന് മാറിയെന്ന് എം വി ജയരാജന് കുറ്റപ്പെടുത്തി. ഇന്നലെ ആര് എസ് എസ് പ്രവര്‍ത്തകൻ്റെ വീട്ടില്‍ പോയി ആര് എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറുടെ പണി നിര്‍ത്തി കാക്കി ട്രൗസറും ധരിച്ച് ആര് എസ് എസ് പരിശീലന ക്യാംപില്‍ പോകുന്നതാണ് നല്ലതെന്നും ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ തെളിവുകളുണ്ടെന്ന് പറയുന്ന ഗവര്‍ണറെ തെളിവുകള്‍ പുറത്തുവിടാന്‍ ജയരാജന് വെല്ലുവിളിച്ചു. ഗവര്‍ണറുടെ തെളിവുകളെ ഭയമില്ലെന്നും ആര് എസ് എസുകാരന് പ്രസംഗിച്ചിട്ട് ഭയക്കാത്ത സിപിഎം ആര് എസ് എസിന് വേണ്ടി വക്കാലത്തെടുത്തയാളുടെ വാക്ക് കേട്ട് ഭയപ്പെടില്ലെന്നും ജയരാജന് വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് ഒരു തരം മനോരോഗമാണ്. അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന മാനസികാവസ്ഥയിലാണ് ഗവര്‍ണറുടെ സമീപനമെന്നും ജയരാജന് പരിഹസിച്ചു.