വട്ടപ്പൂജ്യം വലിപ്പത്തില് വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര – – മൂന്നാം ഭാഗം
2020 ആഗസ്റ്റ് 1. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ തറക്കല്ലിടുന്നതിന് നാലു ദിവസം മുമ്പ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു; “നമ്മുടെ വിശ്വാസത്തിൻ്റെ കേന്ദ്രമാണ് ഭഗവാൻ രാമൻ. അതുകൊണ്ടാണ് അയോധ്യയിൽ രാമൻ്റെ ജന്മസ്ഥാനത്ത് ഒരു മഹാക്ഷേത്രം ഉയരണമെന്ന് നാം ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിജിയും അതു തന്നെയാണ് ആഗ്രഹിച്ചിരുന്നത്”. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഇതും കൂടി പറഞ്ഞു; “ശിലാന്യാസം രാജീവ് ഗാന്ധി തന്നെ നടത്തിക്കഴിഞ്ഞതാണ്” (Shilanyas to ho chuka hai Rajiv Gandhi ji kar chuke hain).
#WATCH Foundation stone has already been laid, Rajiv Gandhi ji did it: Digvijaya Singh, Congress on being asked about Kamal Nath's statement that Rajiv Gandhi also wanted #RamTemple to be constructed pic.twitter.com/BvViPC2KSI
— ANI (@ANI) August 3, 2020
അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണെന്നും, ക്ഷേത്ര നിർമ്മാണം തങ്ങളുടെ അജണ്ടയായിരുന്നുവെന്നും ഒരു മടിയും കൂടാതെ കോൺഗ്രസിപ്പോൾ പരസ്യമായി അവകാശപ്പെടുന്നുണ്ട്. ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് ക്ഷേത്രനിർമ്മാണവും ഹിന്ദുപ്രീണനവും ലക്ഷ്യമിട്ടു തന്നെയാണ് 1989 നവംബർ 9ന് അയോധ്യയിൽ ശിലാന്യാസം നടത്തിയതും. രണ്ടു ലക്ഷ്യങ്ങളാണ് ശിലാന്യാസത്തിൽ കോൺഗ്രസ് മുന്നിൽ കണ്ടത്. ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ ശിലാന്യാസം. തർക്കഭൂമിയ്ക്കു പുറത്താണെന്ന പ്രചാരണത്തിലൂടെ മുസ്ലിങ്ങളെ ആശ്വസിപ്പിക്കാനൊരു ശ്രമം.
1989 നവംബർ 9ൻ്റെ മനോരമ ഉദാഹരണം. ശിലാസ്ഥാപനം തർക്കഭൂമിയിലല്ല എന്നായിരുന്നു അന്നത്തെ പ്രധാന തലക്കെട്ട്. ഇന്ന് ആ വാർത്ത വായിക്കുമ്പോൾ നാം പൊട്ടിച്ചിരിച്ചുപോകും. അത്യധികം പ്രാധാന്യമേറിയ ഈ വാർത്തയിൽ ഒരു “ആണത്രേ”യും ഒരു “ഇല്ലത്രേ”യുമുണ്ട്. ശിലാന്യാസത്തിനു നിശ്ചയിച്ചിരിക്കുന്ന സ്ഥലം തർക്കഭൂമിയിൽപ്പെടുന്ന 586-ാം നമ്പർ പ്ലോട്ടിനു പുറത്താണത്രേ എന്നൊരു വാചകം. (വിശ്വഹിന്ദു) പരിഷത്തിൻ്റെ മുതിർന്ന നേതാവായ മഹന്ത് അവൈദ്യനാഥ് പറയുന്നത് ശിലാസ്ഥാപന ചടങ്ങ് മുറപോലെ നടക്കുമെന്നാണ്. പരിപാടിയിൽ ഒരു മാറ്റവും ഇല്ലത്രേ എന്ന് മറ്റൊരു വാചകം.
ഇങ്ങനെയൊരു റിപ്പോർട്ടിൽ എന്തുകൊണ്ട് “ആണത്രേ”യും “ഇല്ലത്രേ”യും കടന്നു വന്നു? ആ ചോദ്യത്തിനു പുറകെ പോകുമ്പോഴാണ് കോൺഗ്രസ് ആസൂത്രണം ചെയ്ത മറ്റൊരു ചതിയുടെ ചുരുളഴിയുന്നത്. യഥാർത്ഥത്തിൽ ശിലാസ്ഥാപനം നടന്നത് തർക്കഭൂമിയിലാണ്. പക്ഷേ, അങ്ങനെയല്ല എന്ന് വരുത്തിത്തീർക്കാൻ സർക്കാർ തന്നെ ശ്രമം നടത്തിയിരുന്നു.
ശിലാസ്ഥാപനം നടന്നത് തർക്കഭൂമിയിലാണ് എന്ന സധൈര്യം റിപ്പോർട്ട് ചെയ്തത് ദേശാഭിമാനി. ജോൺ ബ്രിട്ടാസിൻ്റെ ബൈലൈനിൽ വന്ന ഒന്നാം പേജ് റിപ്പോർട്ടിൻ്റെ തലക്കെട്ടു തന്നെ, തർക്കഭൂമിയിൽ ശിലയിട്ടു, സർക്കാർ കൂട്ടു നിന്നു എന്നാണ്. ലീഡ് വാചകമിങ്ങനെ – “അയോധ്യയിൽ തർക്കഭൂമിയെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ച സ്ഥലത്തു തന്നെ ഗവൺമെന്റിൻ്റെ ഒത്താശയോടെ വിശ്വഹിന്ദു പരിഷത്തുകാർ ശ്രീരാമക്ഷേത്രം പണിയാനുള്ള ശിലാസ്ഥാപന കർമ്മം ആരംഭിച്ചു”.
വിശ്വഹിന്ദു പരിഷത്തുകാർ നിശ്ചയിച്ച സ്ഥലത്തു തന്നെയാണ് ശിലാന്യാസം നടന്നത്. കോടതി വിധി പ്രകാരം അതു പറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വിശ്വഹിന്ദു പരിഷത്തുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു നോക്കി. അവർ വഴങ്ങാതെ വന്നപ്പോൾ, ശിലയിട്ട സ്ഥലം തർക്കഭൂമിയ്ക്ക് പുറത്താണെന്ന തൊടുന്യായം പറഞ്ഞ് കർസേവകർക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചു.
അതിലൂടെ, ജനങ്ങളെയും രാജ്യത്തെയും തങ്ങളുടെ എല്ലാക്കാലത്തെയും വലിയ വോട്ടു ബാങ്കായിരുന്ന മുസ്ലിം സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. വൻ ചതിയുടെ അകവും പുറവും വിശദമായിത്തന്നെ ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ശിലാന്യാസത്തിൻ്റെ കാര്യത്തിൽ വിഎച്ച്പിയുടെ ഒരു നിയമവിരുദ്ധ പ്രവർത്തനവും അയോധ്യയിൽ അനുവദിക്കില്ലെന്നും വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൻ്റെ വിധിയ്ക്കനുസരിച്ച് പ്രവർത്തിക്കുമെന്നും ആഭ്യന്തര മന്ത്രി ബൂട്ടാസിംഗ് പാർലമെൻ്റിന് ഉറപ്പു നൽകിയിരുന്നു. പക്ഷേ, ചതിയുടെ ഡിസൈൻ അവർ വേറെ തയ്യാറാക്കിയിരുന്നു.
ശിലാന്യാസത്തിന് ഒരാഴ്ച മുമ്പ് ബൂട്ടാസിംഗിനും യുപി മുഖ്യമന്ത്രി എൻ ഡി തിവാരിയ്ക്കുമൊപ്പം രാജീവ് ഗാന്ധി തൻ്റെ ആത്മീയ ഗുരുവായ ദിയോറാ ബാവയെ സന്ദർശിച്ചിരുന്നുവത്രേ. ഹിന്ദി ഹൃദയഭൂമിയിലെ ഹിന്ദുവിശ്വാസികൾക്കിടയിൽ ഏറെ ആദരിക്കപ്പെടുന്ന സ്ഥാനം ബാബയ്ക്കുണ്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അയോധ്യാ വിഷയത്തിൽ ഉപദേശം തേടിയ രാജീവിൻ്റെ നെറുകയിൽ കാൽ വെച്ച് (അങ്ങനെയായിരുന്നു ബാബ ഭക്തരെ അനുഗ്രഹിച്ചിരുന്നത്) ഇങ്ങനെ പറഞ്ഞത്രേ. “ബച്ചാ, ഹോ ജാനേ ദോ”… മകനേ അതു സംഭവിക്കട്ടെ എന്ന് മലയാളം. കൃത്യം സുഗമമായി നടത്താൽ എൻ ഡി തിവാരിയ്ക്ക് ചുമതലയും ലഭിച്ചു.
ശിലാന്യാസത്തീയതി അടുത്തു വന്നതോടെ വിഎച്ച്പിയുടെ തനിനിറം കൂടുതൽ രക്തക്കൊതിയോടെ പുറത്തുവന്നു. ഒരു നിയമവും ബാധകമല്ലെന്നും തങ്ങൾ നിശ്ചയിച്ച സ്ഥലത്ത് ശിലാന്യാസം നടത്തുമെന്നും അവർ സർക്കാരിനെയും രാജ്യത്തെയും വെല്ലുവിളിച്ചു. ശിലാന്യാസം നടത്താനുള്ള സ്ഥലവും അവർ പ്രഖ്യാപിച്ചു. സുന്നി വഖഫ് ബോർഡ് കൈവശം അവകാശപ്പെട്ട പ്ലോട്ട് നമ്പർ 586 ആയിരുന്നു ആ സ്ഥലം. ബാബറി മസ്ജിദിൻ്റെ പ്രവേശന കവാടത്തിന് നേരെ എതിരെ.
1989 സെപ്തംബർ 27ന് ബൂട്ടാസിംഗും എൻ ഡി തിവാരിയും വിഎച്ച്പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശിലാന്യാസം നടത്തുന്നതിനുള്ള നിബന്ധനകൾ വിഎച്ച്പി നേതാക്കളിൽ നിന്ന് സർക്കാർ എഴുതി വാങ്ങി. അയോധ്യയിൽ ശിലകളെത്തിയാൽ വിഎച്ച്പി പറയുന്ന സ്ഥലത്ത് തറക്കല്ലിടൽ നടത്തേണ്ടി വരുമെന്നും അതു തടയാൻ രക്തച്ചൊരിച്ചിൽ വേണ്ടി വരുമെന്നും എല്ലാ വശവും ആലോചിച്ചേ തീരുമാനമെടുക്കാവൂ എന്നുമുള്ള ജില്ലാ ഭരണകൂടത്തിൻ്റെയും ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിൻ്റെയും മുന്നറിയിപ്പുകൾ ആരും ചെവിക്കൊണ്ടില്ല.
വിഎച്ച്പി നേതാക്കൾ ഒന്നും നോക്കിയില്ല. സർക്കാർ മുന്നോട്ടു വെച്ച നിബന്ധനകളെല്ലാം അനുസരിച്ച് ഒപ്പിട്ടു കൊടുത്തു. അവരെ സംബന്ധിച്ച് ഉടമ്പടിയ്ക്ക് കടലാസിൻ്റെ വിലയേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും ഏതാണ്ട് ഒന്നരലക്ഷത്തോളം ശിലകൾ രാജ്യത്തിൻ്റെപലഭാഗങ്ങളിൽ നിന്ന് അയോധ്യയിലെത്തിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമുണ്ടായിരിക്കെ, ഈ ആൾക്കൂട്ടം എന്തു ചെയ്താലും സർക്കാർ നോക്കി നിൽക്കുകയേ ഉള്ളൂ എന്ന് വിഎച്ച്പി നേതൃത്വത്തിന് ഉറപ്പായിരുന്നു.
തർക്കഭൂമിയല്ലാത്ത മറ്റൊരു പ്ലോട്ടിൽ ശിലാന്യാസം നടത്താം എന്ന് സർക്കാർ വിഎച്ച്പി നേതാക്കൾക്ക് വാഗ്ദാനം നൽകി. രാം ഗോപാൽ ദാസ് എന്നയാളിൻ്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട് നമ്പർ 576 ആയിരുന്നു സർക്കാർ മുന്നോട്ടുവെച്ച ഭൂമി. ശിലാന്യാസം നടത്താൻ രാംഗോപാൽ ദാസ് വിഎച്ച്പി നേതാക്കളെ രേഖാമൂലം ക്ഷണിക്കുകയും ചെയ്തു. എല്ലാത്തിനും തലകുലുക്കിയ വിഎച്ച്പി നേതാക്കൾ പക്ഷേ, നവംബർ 2ന് പ്ലോട്ട് നമ്പർ 586ൽ കൊടി കുത്തി.
സുധീരമായ ഒരു നിലപാട് സ്വീകരിച്ച് വിഎച്ച്പിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയല്ല സർക്കാർ ചെയ്തത്. മറിച്ച് കൊടികുത്തിയ സ്ഥലം ‘സാങ്കേതികമായി’ തർക്കഭൂമിയാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സുന്നി വഖഫ് ബോർഡ് അവകാശം സ്ഥാപിച്ചു കിട്ടാൻ 1961ൽ കോടതിയിൽ ഹാജരാക്കിയിരിക്കുന്ന 23 പ്ലോട്ടുകളിൽപ്പെട്ട ഭൂമിയിലാണ് വിഎച്ച്പി കൊടി നാട്ടിയത് എന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൊടി കുത്തിയതും ഭൂമി വേലി കെട്ടിത്തിരിച്ചതും 1989 ആഗസ്റ്റ് 14ൻ്റെ ഇടക്കാലവിധിയുടെ നഗ്നമായ ലംഘനമാണെന്ന് ജില്ലാ ഭരണകൂടം വിഎച്ച്പി നേതാക്കളെ അറിയിച്ച വിവരവും സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നു. കേസ് പരിഗണിച്ച കോടതി തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്ന് വിധി പറഞ്ഞു. പ്ലോട്ട് നമ്പർ 586 തർക്കഭൂമി തന്നെ.
കോടതി വിധി മറികടക്കാൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു, ബൂട്ടാസിംഗും എൻ ഡി തിവാരിയും. ശിലാന്യാസം അനുവദിച്ച് ഹിന്ദുക്കളെ പ്രീണിപ്പിക്കുക, തർക്കസ്ഥലത്തിന് പുറത്താണ് എന്ന് വാദിച്ച് മുസ്ലിങ്ങളെ സമാധാനിപ്പിക്കുക ഇതായിരുന്നു അവരുടെ തന്ത്രം. അതിനാണ് പ്ലോട്ട് 576 കണ്ടുവെച്ചത്. പക്ഷേ, വിഎച്ച്പിയ്ക്ക് അതു സമ്മതമായിരുന്നില്ല. മസ്ജിദിൻ്റെ പ്രവേശനകവാടത്തിനു നേരെ എതിരെ ശിലാസ്ഥാപനം നടത്തിയേ മടങ്ങൂ എന്ന അവരുടെ വാശിയ്ക്ക് ഗവണ്മെന്റ് കീഴടങ്ങുകയായിരുന്നു. അതിനവർ വിചിത്രമായ ഒരു മാർഗമാണ് അവലംബിച്ചത്.
അന്നത്തെ അഡ്വക്കേറ്റ് ജനറൽ എസ് എസ് ഭട്നഗർ പ്ലോട്ട് നമ്പർ 586 ൽ ഒരു വര വരച്ചു. 586-ാം പ്ലോട്ടിൽ തർക്കഭൂമിയുമുണ്ട്, തർക്കമില്ലാത്ത ഭൂമിയുമുണ്ട് എന്നായി അദ്ദേഹം. തലേദിവസം വരെ ഈ പ്ലോട്ടു മൊത്തം തർക്കഭൂമിയാണ് എന്ന് കോടതിയിൽ ഘോരഘോരം വാദിച്ച വിദ്വാനാണിദ്ദേഹം എന്ന് പ്രത്യേകം ഓർമ്മിക്കണം. അദ്ദേഹത്തിൻ്റെ വാദം അംഗീകരിച്ച കോടതി, പ്രസ്തുത സ്ഥലം തർക്കഭൂമിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ആത്യന്തികമായി സഹായിക്കേണ്ടത് വിഎച്ച്പിയെ ആയിരുന്നല്ലോ. അതുകൊണ്ട് സ്വന്തം അധികാരമുപയോഗിച്ച് അദ്ദേഹം തർക്കഭൂമിയിൽ സാങ്കൽപികമായി തർക്കമില്ലാത്ത ഒരു സ്ഥലം സ്ഥാപിച്ചെടുത്തു. സ്വാഭാവികമായും അവിടെയാകുമല്ലോ വിഎച്ച്പി കൊടി നാട്ടിയതും കല്ലിട്ടതും.
അങ്ങനെ വിഎച്ച്പി നിശ്ചയിച്ച സ്ഥലത്തു തന്നെ ശിലാന്യാസം നടത്താൻ എല്ലാ ഒത്താശയും കോൺഗ്രസ് സർക്കാരുകൾ ചെയ്തുകൊടുത്തു. എന്നിട്ട്, ശിലാന്യാസം നടന്നത് തർക്കഭൂമിയിലല്ല എന്ന് നാടൊട്ടുക്ക് പ്രചരിപ്പിച്ചു. സത്യം പറഞ്ഞ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളെ പുച്ഛിക്കാനും പുലഭ്യം പറയാനും മനോരമ രണ്ടുതവണ എഡിറ്റോറിയലുമെഴുതി. ശിലാന്യാസം തർക്കസ്ഥലത്തായാരുന്നോ പുറത്തായിരുന്നോ എന്ന ചർച്ച പോലും ഇന്ന് പ്രസക്തമല്ല. കാരണം, ബാബറി മസ്ജിദ് കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെട്ടു. അതു നിന്ന സ്ഥലവും സുപ്രിംകോടതി വിധിയോടെ മസ്ജിദിൻ്റെ ഉടമകൾക്ക് നഷ്ടമായി.
രാജീവ് ഗാന്ധിയും ഭൂട്ടാസിംഗും എൻ ഡി തിവാരിയുമൊക്കെ ചേർന്നു നടത്തിയ നാടകത്തിൽ അവർ നിശ്ചയിച്ച റോൾ മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നതെന്ന് എത്രയോ പേർ പിന്നീട് ഏറ്റു പറഞ്ഞു. അന്ന്, വിശ്വഹിന്ദു പരിഷത്തിനോട് കടുത്ത അനുഭാവമുള്ള ബ്യൂറോക്രാറ്റുകൾ അടങ്ങുന്ന സംഘം രൂപീകരിച്ച് ലഖ്നൗ സെക്രട്ടേറിയറ്റ് നേരിട്ട് ഭരിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി ബൂട്ടാസിംഗ് ആയിരുന്നത്രേ.
ശിലാന്യാസത്തിൻ്റെ കാര്യത്തിൽ കാണിച്ച ചതി, പ്രശ്നം എന്നെന്നേയ്ക്കുമായി പരിഹരിക്കാൻ കിട്ടിയ അവസരം തകർക്കുന്ന കാര്യത്തിലും കോൺഗ്രസും രാജീവ് ഗാന്ധിയും ചെയ്തു എന്ന് വെളിപ്പെടുത്തുന്നൊരു പുസ്തകമുണ്ട്. ചന്ദ്രശേഖറും ഇന്ത്യയെ രക്ഷിച്ച ആറു മാസങ്ങളും (Chandra Shekhar And The Six Months That Saved India) എന്ന പുസ്തകമെഴുതിയത് ഇന്ത്യാ ചരിത്രത്തിലും രാഷ്ട്രീയത്തിലും വൈദഗ്ധ്യം നേടിയ റോഡറിക് മാത്യൂസ് എന്ന എഴുത്തുകാരൻ.
വി പി സിംഗ് സർക്കാരിൻ്റെ പതനത്തിനുശേഷം അധികാരമേറ്റ ചന്ദ്രശേഖർ ബാബറി മസ്ജിദ് രാമജന്മഭൂമി തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കാൻ എല്ലാ വഴികളും തേടിയിരുന്നു എന്ന് On My Terms: From the Grassroots to the Corridors of Power എന്ന പുസ്തകത്തിൽ ശരദ് പവാറും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്ന ബിജെപി നേതാവ് ബൈറോൺ സിംഗ് ഷിക്കാവത്ത്, മഹാരാഷ്ട്രയിലെ ആർഎസ്എസ് നേതാവായിരുന്ന മോറോപാന്ത് പിംഗാലെ എന്നിവർ ചർച്ചകളുമായി മുന്നേറിയിരുന്നുവെന്നും ചന്ദ്രശേഖർ സർക്കാരിന് ആറുമാസത്തെ സമയം കൂടി ലഭിച്ചിരുന്നെങ്കിൽ വിഷയത്തിന് രമ്യമായ പരിഹാരമുണ്ടാകുമായിരുന്നു എന്നും ശരദ് പവാർ വെളിപ്പെടുത്തിയിരുന്നു.
ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചതും ഈ ചർച്ചയായിരുന്നു എന്നാണ് റോഡറിക് മാത്യൂസ് വാദിക്കുന്നത്. രാമജന്മഭൂമി ബാബറി മസ്ജിദ് പ്രശ്നം രമ്യമായി ഒത്തുതീർക്കാൻ ഹിന്ദു മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ചന്ദ്രശേഖറിൻ്റെ സാന്നിധ്യത്തിൽ ഒരു ഉടമ്പടി ഉണ്ടാക്കി. ഇതേക്കുറിച്ച് ശരദ് പവാർ രാജീവ് ഗാന്ധിയെ ധരിപ്പിച്ചു. തുടർന്ന് എന്തു നടന്നു എന്ന് ചന്ദ്രശേഖറിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതല വഹിച്ചിരുന്ന കേന്ദ്ര സഹമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന കമാൽ മൊറാർക്കയുടെ വാക്കുകളിൽ.
“രാജീവ് ഗാന്ധി ഉടൻ തന്നെ ചന്ദ്രശേഖറെ ഫോണിൽ വിളിച്ചു. നിങ്ങൾ ഇതു ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, എനിക്ക് രണ്ടു ദിവസത്തെ സമയം തരൂ എന്ന് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. പ്രശ്നം ചന്ദ്രശേഖർ രമ്യമായി പരിഹരിച്ചാൽ, രാജ്യത്ത് അദ്ദേഹത്തിൻ്റെ ജനപ്രീതി ഉയരുമെന്ന് രാജീവ് ഗാന്ധി കരുതി. ആ ക്രെഡിറ്റ് ചന്ദ്രശേഖറിന് നൽകാൻ രാജീവിനിഷ്ടമുണ്ടായിരുന്നില്ല. അന്നത് നടന്നിരുന്നെങ്കിൽ രാജ്യത്തെ ഹിന്ദു മുസ്ലിം ബന്ധം എത്രയോ മെച്ചപ്പെട്ടതാകുമായിരുന്നു”.
കേവലമായ തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കു വേണ്ടി ഇന്ത്യയിലെ ഹിന്ദു മുസ്ലിം മൈത്രി തകർത്തതിൻ്റെ പാപം കോൺഗ്രസിനുള്ളിൽ അധികാര രാഷ്ട്രീയം കൈകാര്യം ചെയ്തവർക്കു തന്നെയാണ്. ബാബറി മസ്ജിദ് കൈക്കരുത്തുപയോഗിച്ച് തകർത്ത് ലോകത്തിനു മുന്നിൽ തീവ്രഹൈന്ദവശക്തിയുടെ പേശീബലം പ്രദർശിപ്പിക്കാനുള്ള അവസരമാക്കണമെന്ന ആശയത്തെ സഫലീകരിച്ചുകൊടുത്തത് കോൺഗ്രസാണ്. ആർഎസ്എസിനെക്കാൾ ആപൽക്കരമായി ഹിന്ദുവർഗീയ രാഷ്ട്രീയം കളിച്ച കോൺഗ്രസ് നേതാക്കൾ. രാജ്യത്തെ ഈ വിധം തകർത്ത് തരിപ്പണമാക്കിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞു മാറാനാവില്ല.
ബിജെപിയെ പുറത്താക്കൂ യഥാർത്ഥ ഹിന്ദുക്കളെ ഭരണം തിരിച്ചേൽപ്പിക്കൂ എന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉയർത്തുന്ന മുദ്രാവാക്യം. കോൺഗ്രസ് കൈകാര്യം ചെയ്ത ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തനിസ്വരൂപമാണ് ഇതുവരെ വിവരിച്ചത്. ഉത്തരേന്ത്യയിൽ അവരിപ്പോൾ കൈകാര്യം ചെയ്യുന്നതും ഇതുവരെ കളിച്ച കാർഡിൻ്റെ കൂടുതൽ മാരകമായ രൂപമാണ്. രാഹുൽ ബ്രിഗേഡ് പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പച്ചയ്ക്കാണ് ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്നത്. ബിജെപിക്കാർപോലും നൽകാൻ മടിക്കുന്ന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളാണ് കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഇടം പിടിക്കുന്നുണ്ട്. ഗോവധത്തിനെതിരെ സർക്കാരിൽ ആധ്യാത്മിക വകുപ്പു രൂപീകരിക്കും, പതിനാലു കൊല്ലത്തെ വനവാസത്തിനിടയിൽ രാമൻ നടന്ന വഴികൾ രാമപാതയെന്ന് പേരിട്ട് പരിപാവനമാക്കും, നർമ്മദാ തീരത്തെ ഹിന്ദു ആരാധനാലയങ്ങൾ സമൂലം വികസിപ്പിക്കാൻ ആയിരക്കണക്കിന് കോടിയുടെ പദ്ധതികൾ തുടങ്ങിയവായണ് ബിജെപിയെ അധികാരഭ്രഷ്ടമാക്കാൻ രാഹുൽ സംഘത്തിൻ്റെ കൈവശമുള്ള തന്ത്രങ്ങൾ.
ഈ ശ്രമത്തെ പരേതനായ ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലി ഒരിക്കൽ കണക്കിന് കളിയാക്കുകയും ചെയ്തു. ഒറിജിനൽ ഉള്ളപ്പോൾ ആരെങ്കിലും ഡ്യൂപ്ലിക്കേറ്റിനു പിറകെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. കളി കൈവിട്ടു പോയത് ഇനിയും തിരിച്ചറിയാതെ കളത്തിൽ തലകുത്തി മറിയുന്ന രാഹുലിന് അന്ന് ഈ പരിഹാസത്തിൻ്റെ ആഴം മനസിലായില്ല.
ദശാബ്ദങ്ങളായി കോൺഗ്രസ് വിജയകരമായി പ്രയോഗിച്ച രാമജന്മഭൂമി എന്ന ആയുധം ഇന്ന് ബിജെപിയുടെ കൈവശമെത്തി. സുപ്രിംകോടതി വിധി കൂടി വന്നതോടെ ക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യവുമായി. നിർമ്മാണം ആരംഭിച്ചപ്പോൾ കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ യാചനയുമായി ബിജെപിയുടെ പിറകെ നടന്നത്. ഭൂമിപൂജയ്ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിലുള്ള പരിഭവം പരസ്യമായി പ്രകടിപ്പിച്ചത് കമൽനാഥ്. ക്ഷണിച്ചില്ലെങ്കിലും ഓരോ ഇന്ത്യാക്കാരൻ്റെയും സമ്മതത്തോടെയാണ് ശിലാസ്ഥാപനം നടക്കുന്നതെന്നായി അദ്ദേഹം. പരിഭവം പറഞ്ഞ് മാറി നിൽക്കുകയല്ല അദ്ദേഹം ചെയ്തത്. മധ്യപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്ത് രാമൻ്റെ ചിത്രം പ്രതിഷ്ഠിച്ച് ആരാധനയും ആഘോഷങ്ങളും സംഘടിപ്പിച്ചു. 1989 ല് രാമരാജ്യത്തെയും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെയും കുറിച്ച് തുറന്ന പ്രഖ്യാപനം നടത്തിയത് രാജീവ് ഗാന്ധിയാണെന്ന കാര്യം മറക്കരുതെന്നു ബിജെപിയെ ഓർമ്മിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.
ദിഗ്വിജയ് സിംഗ് മറ്റൊരു വഴിയാണ് സ്വീകരിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് 1,11,111 രൂപ സംഭാവന നൽകി. രാമനിലുള്ള വിശ്വാസത്തോടെയാണ് രാജ്യം പ്രവര്ത്തിക്കുന്നതെന്നും അതുകൊണ്ടാണ് അയോധ്യയിലെ രാമൻ്റെ ജന്മസ്ഥലത്ത് മഹാക്ഷേത്രം പണിയണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പക്ഷേ, ക്ഷേത്ര നിര്മ്മാണത്തിനായി തെരഞ്ഞെടുത്ത മുഹൂര്ത്തം തെറ്റാണെന്ന് അദ്ദേഹം തുറന്നടിച്ചു. ശിലാസ്ഥാപനം നടന്ന ഓഗസ്റ്റ് അഞ്ചിന് അനുയോജ്യമായ മുഹൂര്ത്തമില്ലെന്ന് ദിഗ്വിജയ് സിംഗ് തീർത്തു പറഞ്ഞു. ഇക്കാര്യത്തില് താന് നിഷപക്ഷത പുലര്ത്തുകയാണെങ്കിലും ഇത് മതവികാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള കളിയാണെന്ന് ഓർക്കണമെന്നും കോണ്ഗ്രസ് നേതാവ് ബിജെപിയ്ക്ക് മുന്നറിയിപ്പു നൽകി.
റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ 51 ലക്ഷമാണ് സംഭവന നൽകിയത്. രാമക്ഷേത്ര നിര്മാണത്തിനുള്ള പ്രത്യേക കല്ലുകള് നല്കാന് തയ്യാറായി രാജസ്ഥാനിലെ കോണ്ഗ്രസ് സര്ക്കാർ മുന്നോട്ടു വന്നു. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ഖനനം നടത്താമെന്നായിരുന്നു അവരുടെ വാഗ്ദാനം.
ഇത്തരത്തിൽ ഒരു മടിയുമില്ലാതെ ഹിന്ദുത്വ പ്രീണനവും തീവ്രഹൈന്ദവ അജണ്ടയുമായി നടക്കുന്ന രാഹുലും കോൺഗ്രസും പക്ഷേ, ഭാരത് ജോഡോ യാത്രയുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പോകുന്നേയില്ല. ഉത്തരം സ്പഷ്ടം. ഈ കളികളൊന്നും അവിടെ ഏൽക്കില്ല. ഒറിജിനലുള്ളപ്പോൾ ആരെങ്കിലും ഡ്യൂപ്ലിക്കേറ്റിനു പുറകെ പോകുമോ എന്ന അരുൺ ജെയ്റ്റ്ലിയുടെ പരിഹാസത്തിൻ്റെ പൊരുൾ വൈകിയാണെങ്കിലും രാഹുൽ തിരിച്ചറിയുന്നു.
അപ്പോൾ അടുത്ത ചോദ്യം. നിലവിൽ ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപിയെക്കാൾ വലിയ ഹിന്ദുക്കളാണ് തങ്ങൾ എന്ന പ്രചരണവുമായി എന്തിനാണ് രാഹുൽ ഗാന്ധി ജാഥ നയിച്ചെത്തുന്നത്? എന്താണതിൻ്റെ അപകടം? തീവ്രഹിന്ദുത്വാശയങ്ങളോട് ആഭിമുഖ്യമുള്ള അവശേഷിക്കുന്ന കോൺഗ്രസുകാരെക്കൂടി താമസം വിനാ സംഘപരിവാറിൻ്റെ കൂടാരത്തിലെത്തിക്കാം. അങ്ങനെ കോൺഗ്രസിൻ്റെ ശേഷിക്കുന്ന വേരുകളും ചീന്തിക്കളയാം. കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേയ്ക്ക് ബിജെപിയെ വേഗത്തിലെത്തിക്കാനാണ് രാഹുലിൻ്റെ ഈ യാത്ര. വോട്ടിനുവേണ്ടി തീവ്രഹിന്ദുത്വയെ തുടലഴിച്ചുവിട്ട അച്ഛൻ്റെയും മുത്തശിയുടെയും പാർടിയ്ക്ക് ഇങ്ങനെ ഉദകക്രിയ ചെയ്യാനാണ് രാഹുലിൻ്റെ വിധി. ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികൾ ഈ യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടാണ്, ബിജെപിയ്ക്കെതിരെയുള്ള ശരിയായ രാഷ്ട്രീയ ബദൽ കെട്ടിപ്പെടുക്കാൻ തങ്ങളുടേതായ മാർഗത്തിൽ ശ്രമിക്കുന്നത്.
ഭാഗം ഒന്ന് : വട്ടപ്പൂജ്യം വലിപ്പത്തില് വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര
ഭാഗം രണ്ട് : തീവ്രഹിന്ദുത്വപ്രീണനവും ബാബറി മസ്ജിദിൻ്റെ തകർച്ചയും : ആർഎസ്എസിന് ദീപശിഖ കൈമാറിയത് കോൺഗ്രസ്