ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിൻ്റെ ക്ഷണം സ്വീകരിച്ച് ക്ഷേത്ര ദര്‍ശനം നടത്തി ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഹന്‍ ഭാഗവത് ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചന്ദ്രഖുരിയിലെ കൗസല്യക്ഷേത്രം സന്ദര്‍ശിച്ചത്. ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ ആര് എസ് എസ് ചത്തീസ്ഗഡ് പ്രാന്തപ്രമുഖ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു മോഹന്ഭാഗവതിൻ്റെ സന്ദര്‍ശനം.
ഈ മാസം പത്ത് മുതല്‍ 12 വരെ റായ്പൂരില്‍ നടന്ന ആര് എസ് എസ് ദേശീയ കോര്‍ഡിനേഷന്‍ യോഗത്തിനെത്തിയതായിരുന്നു ഭാഗവത്. ഇതറിഞ്ഞ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ തൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ സര്‍സംഘചാലകിനെ മാധ്യമങ്ങളിലൂടെ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിച്ചതില്‍ ആര് എസ് എസ് സര്‍കാര്യവാഹ് മന്മോഹന് വൈദ്യ അതൃപ്തി രേഖപ്പെടുത്തി. തൊട്ട് പിന്നാലെ റായ്പൂര്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഗിരീഷ് ദുബൈ ആര് എസ് എസ് പരിപാടി നടക്കുന്ന വേദിയിലെത്തുകയും ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കുകയുമായിരുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ആര് എസ് എസ് മേധാവി ക്ഷേത്ര ദര്‍ശനം നടത്തിയത്.
ചത്തീസ്ഗഡ് സര്‍ക്കാരിൻ്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയായ രാം വന്‍ ഗമന്‍ പദ്ധതിയുടെ ഭാഗമായ കൗസല്യ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ചത്തീസ്ഗഡ് സര്‍ക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഗോശാല സന്ദര്‍ശിക്കാനും ഭൂപേഷ് ഭാഗേല്‍ മോഹന്‍ ഭാഗവതിനെ ക്ഷണിച്ചിരുന്നു.