വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡൻ്റെ ഇനിയുള്ള 2 വർഷത്തെ ഭരണം സുഗമമാകില്ലെന്ന് ഇതോടെ ഉറപ്പായി. ഇടക്കാല തിരഞ്ഞെടുപ്പിൽ 435 സീറ്റുള്ള ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 218-ലധികം സീറ്റുകൾ നേടിയാണ് റിപ്പബ്ലിക്കൻസിൻ്റെ വിജയം. നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ 50 സീറ്റ് നേടിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. 49 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. അമേരിക്ക നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്കാരങ്ങളും ജോ ബൈഡൻ്റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപ്പോർട്ട്.
ജനുവരിയിൽ കോൺഗ്രസ് സമ്മേളിക്കുമ്പോഴുള്ള സ്പീക്കർ തെരെഞ്ഞെടുപ്പാണ് എല്ലാവരും ഇനി ഉറ്റു നോക്കുന്നത്. കാലിഫോർണിയയിൽ നിന്നുള്ള കെവിൻ മെക്കാർത്തിയാണ് റിബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി. പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ വിജയസാധ്യത ഉണ്ടങ്കിലും ഒരു വിഭാഗത്തിൻ്റെ എതിർപ്പ് വോട്ടിൽ പ്രതിഫലിക്കുമോ എന്നു വ്യക്തമല്ല. നിലവിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ നാൻസി പെലോസിയാണ് സ്പീക്കർ.
അതേസമയം തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രശംസിച്ച് ബൈഡൻ രംഗത്തെത്തി. ‘ഞാൻ ആരുടെയും കൂടെ നിന്ന് പ്രവർത്തിക്കാൻ തയ്യാറാണ്, റിപ്പബ്ലിക്കൻ ആയാലും,ഡെമോക്രോറ്റുകൾ ആയാലും’.അദ്ദേഹം കൂട്ടിച്ചേർത്തു.ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.