ജറുസലേം: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ട് ഫല സൂചനകൾ നെതന്യാഹുവിന് അനുകൂലം. ആകെയുള്ള 120 സീറ്റുകളിൽ 65 സീറ്റുകൾ നെതന്യാഹുവിൻ്റെ സഖ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടക്കുന്നത്.
ജൂണിലാണ് പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാർലമെന്റ് പിരിച്ചുവിട്ടതും വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയായതും. ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ആയിരുന്നു യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്സിറ്റ്പോൾ ഫല സൂചനകൾ പറയുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ 40,81,243 വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അതിൽ 24,201 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. മുഴുവൻ വോട്ടുകളും എണ്ണിക്കഴിഞ്ഞാൽ സ്ഥിതിയിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും നെത്യാനഹു വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാർട്ടിയായ റിലീജിയൻസ് സയണിസം പാർട്ടിയുടെ പിന്തുണയോടെയാകും നെതന്യാഹു വീണ്ടും അധികാരത്തിലേറുക.