ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർലമെന്റ് അംഗത്വം തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. അഞ്ച് വർഷത്തേക്കാണ് വിലക്ക്. ഇതോടെ നാഷണൽ അസംബ്ലിയിലെ അംഗത്വം ഇമ്രാൻ ഖാന് നഷ്ടമാകുകയാണ്. നടപടിക്കെതിരെ പാകിസ്താനിൽ വൻ പ്രതിഷേധമാണ് നടന്നുവരുന്നത്. ഭരണകക്ഷി അംഗങ്ങൾ നൽകിയ പരാതിയിലാണ് അഞ്ചംഗ കമീഷൻ്റെ തീരുമാനം. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് ഇമ്രാൻ ഖാൻ്റെ അഭിഭാഷകൻ പറഞ്ഞു.
വിദേശത്തുനിന്നുള്ള നേതാക്കൾ സമ്മാനിച്ച 15.4 കോടി രൂപ വിലയുള്ള വാച്ചുകൾ ഇമ്രാൻ 3.6 കോടി രൂപയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്ക് വിറ്റുവെന്നതാണ് കേസ്. കൂടുതൽ വിലയേറിയ ഇനങ്ങൾ തോഷഖാനയിലേക്ക് പോകണമെന്നാണ് നിയമം. വിലയുടെ 50 ശതമാനം ഈടാക്കണമെന്നാണ് ചട്ടം. എന്നാൽ വിലയുടെ 20 ശതമാനം നൽകി ഇമ്രാൻ ഖാൻ ആഡംബര വാച്ചുകളും പെർഫ്യൂമകളും ഹാൻഡ് ബാഗുകളുമടക്കം വാങ്ങിയെന്നും ഇത് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം നൽകിയെന്നുമാണ് കേസ്.