ബീജിങ്: രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ ഷി ജിൻപിങ് സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഫലം കണ്ടതായി ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കോൺഗ്രസ് വിലയിരുത്തി. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച പാർടി കോൺഗ്രസ് സർക്കാരിൻ്റെ പക്ഷപാതരഹിതമായ അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി പാർടിയുടെ അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 പേർക്ക് എതിരെ ക്രിമിനൽ കേസെടുത്തു. ഈ കാലയളവിൽ 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ പല തരത്തിലുള്ള ശിക്ഷകൾക്ക് വിധേയരായതായും പാർട്ടി കോൺഗ്രസ് സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അച്ചടക്ക, പരിശോധന കമ്മിറ്റിയുടെ ഡപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ അഴിമതി വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞതായും ഷിയാവോ പെയ് പറഞ്ഞു. കൈക്കൂലി വാങ്ങുക, സ്ഥാപനങ്ങൾ വിൽക്കുക തുടങ്ങിയ അഴിമതികളാണ് ഏറെയും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 80,000 പാർട്ടി അംഗങ്ങളെങ്കിലും പിഴവുകൾ ഏറ്റുപറഞ്ഞു. സർക്കാരിൻ്റെ കർക്കശ നടപടികളാണ് ഇത്രയധികം അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ടുവരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.