ബീജിങ്: ചൈനയുടെ സാമ്പത്തികരംഗം കൂടുതലായി തുറന്നിടാൻ സിപിസി പാർടി കോൺഗ്രസിൽ തീരുമാനം. ചൈനയുടെ വാതിലുകൾ ലോകത്തിനായി തുറന്നുകിടക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആഗോളവൽക്കരണം എല്ലാവരെയും ഉൾച്ചേർക്കുന്നതും ഗുണപ്രദവുമായിരിക്കുമെന്ന് ഉറപ്പാക്കുമൊന്നും ദേശീയ വികസന, നവീകരണ കമീഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷാവോ ചെൻക്സിൻ പറഞ്ഞു. പാർടി കോൺഗ്രസിൻ്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാവോ.
വിദേശ നിക്ഷേപത്തിൽ രാജ്യം വലിയ നേട്ടം കൈവരിച്ചെന്നും ആദ്യ എട്ടുമാസത്തിനുള്ളിൽ 124 ബില്യൺ ഡോളർ വിദേശ നിക്ഷേപം ഉപയോഗിച്ചെന്നും നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോം കമ്മീഷൻ ഡപ്യൂട്ടി ഡയറക്ടർ ഷാവോ ഷെനിൻ പറഞ്ഞു. ലോകത്തിനാകെ മാതൃകയാകുന്നതാണ് ചൈനയുടെ വികസനമെന്നും ഷാവോ കൂട്ടിച്ചേർത്തു.
ചൈന ആഭ്യന്തര വിപണിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉടൻതന്നെ സ്വയംപര്യാപ്തമാകുമെന്നുമുള്ള പ്രത്യാശകൾ അസ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ഉയർന്ന നിലവാരവും കാര്യപ്രാപ്തിയുള്ളതും നീതിയുക്തമായതുമായ പുതിയ വികസനരീതി രൂപപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഷാവോ പറഞ്ഞു. കാർഷിക, ഊർജ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും വാർത്താ സമ്മേളനത്തിൽ അതാത് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.