റിയോ ഡി ജനീറോ: ബ്രസീൽ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടു. ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിക്കും 50% ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നീണ്ടത്. ഒക്ടോബർ 30 ന് നടക്കുന്ന റൺ ഓഫ് വോട്ടിൽ കൂടുതൽ വോട്ടുകൾ നേടിയ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡെ സിൽവയും, നിലവിലെ പ്രസിഡൻറ് ജെയർ ബോൾസോനാരോയും തമ്മിൽ ഏറ്റുമുട്ടും.
99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവയ്‌ക്ക് വൻ മുന്നേറ്റം. ലുല 48.4 ശതമാനം വോട്ട് നേടിയപ്പോൾ തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ജയിർ ബോൾസനാരോയ്‌ക്ക് 43.2 ശതമാനം വോട്ട് മാത്രം. ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ 30നു രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും.
ലുല 5,72,57,473 വോട്ടും ബോൾസനാരോ 5,10,71,106 വോട്ടുമാണ് നേടിയത്. 15 കോടി വോട്ടർമാരാണ് വിധിയെഴുതിയത്. ജനവിധി വർക്കേഴ്‌സ് പാർടിക്ക് അനുകൂലമാണെന്നും അന്തിമവിജയത്തിനായി പോരാട്ടം തുടരുമെന്നും ലുല ഡ സിൽവ പറഞ്ഞു. ഒക്‌ടോബർ 30 ന് നടക്കുന്ന റൺ ഓഫ് വോട്ടിൽ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലുല ഞായറാഴ്ച രാത്രി സാവോപോളോയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.