ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്ന വ്യാജ വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ ഇരുപതാം പാർടി കോൺഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടി. രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പാർടി കോൺഗ്രസ് നടപടികൾ മുന്നോട്ട് പോകുകയാണെന്ന വ്യക്തമായ സന്ദേശം ചൈന നൽകുന്നത്. പല മുഖ്യധാരാ മാധ്യമങ്ങളും ഈ വ്യാജ പ്രചരണത്തിന് കൂട്ടുനിൽക്കുന്നുണ്ട്.
ബീജിങ്ങിൽ ടിയാൻമെൻ സ്ക്വയറിലെ പീപ്പിൾസ് ഗ്രേറ്റ് ഹാളിൽ ഒക്ടോബർ 16നാണ് പാർടി കോൺഗ്രസ്. അഞ്ചുവർഷത്തിലൊരിക്കലാണ് പാർടി കോൺഗ്രസ് ചേരുന്നത്. ഈ സമ്മേളനത്തിലൂടെ ഷീ ജിൻപിങ്ങിന് സിപിസി തലപ്പത്ത് തുടർച്ചയായി മൂന്നാംവട്ടവും തുടരാൻ അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ 2296 പ്രതിനിധികളെയാണ് പാർടി കോൺഗ്രസിലേക്ക് തെരഞ്ഞെടുത്തത്. വനിതകൾ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ ചൈനയുടെ സമസ്തമേഖലയെയും പ്രതിനിധീകരിക്കുന്നവരെയാണ് പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിലിൽ ഷീയെ പ്രതിനിധിയായി പ്രഖ്യാപിച്ചിരുന്നു. പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലടക്കം മാറ്റം ഉണ്ടാകും. പ്രതിനിധികളുടെ യോഗ്യത പ്രത്യേക അവലോകന സമിതി പരിശോധിക്കുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രസ്താവനയിൽ അറിയിച്ചു.
ചൈന സൈനിക അട്ടിമറി; വ്യാജ വാർത്ത പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങൾ