ചൈനയിൽ സൈനിക അട്ടിമറിയെന്ന വാർത്ത വ്യാജം. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നുമുള്ള വാർത്തകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പറക്കുകയാണ്. പല മുഖ്യധാരാ മാധ്യമങ്ങളും ഈ വ്യാജ പ്രചാരണത്തിന് കൂട്ടുനിൽക്കുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജന്റീനയിലെ ചൈനീസ് എംബസി രംഗത്തെത്തിയിട്ടുണ്ട്. നേപ്പാളിലെയും തയ്-വാനിലെയും ചൈനാവിരുദ്ധ പ്രവര്‍ത്തകരുടെ ചൈനയ്ക്ക് പുറത്തുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് കുപ്രചരണം നടക്കുന്നത്. വിശ്വാസ്യതയുള്ള അന്താരാഷ്ട്രമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീ ജിന്‍പിങ് സമ്പർക്കവിലക്കിൽ ആയിരിക്കുമെന്ന് ചൈന രാഷ്ട്രീയ വിദഗ്ധരടക്കം പ്രതികരിച്ചു. ഇതാകാം പൊതുവേദികളിലെ അസാന്നിധ്യത്തിന്റെ കാരണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയുള്ള അത്താഴത്തിലും മറ്റ്നേതാക്കള്ക്കൊപ്പം ഷീ പങ്കെടുത്തിരുന്നില്ല. ബീജിങ്ങിലേക്കുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയെന്നാണ് പ്രധാന പ്രചരണം. എന്നാല്‍ സര്‍വ്വീസുകള്‍ കാര്യമായി വെട്ടിക്കുറച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലടക്കം വിമാനത്താവളങ്ങള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍കൂട്ടി പ്രഖ്യാപിച്ച സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.