കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്. കാനഡയിലെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്. ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്.
കാനഡയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറന്റോയിലെയോ വാൻകോവറിലേയോ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചു. അടിയന്തരഘട്ടങ്ങളിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു. കാനഡയിലെ ആകെ ജനസംഖ്യയിൽ 17 ലക്ഷത്തോളം പേർ ഇന്ത്യൻ പൗരന്മാരാണ്.