ഫോബ്‌സിൻ്റെ സർവ്വേ പ്രകാരം ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികൻ. ആമസോൺ മേധാവി ജെഫ് ബെസോസിനെയും ലൂയി വിറ്റണിൻ്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്നാണ് ഗൗതം അദാനി ഇപ്പോൾ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ്. ഏഷ്യയിലെ ഒന്നാമത്തെ ധനികനാണ്. നിലവിൽ 154.7 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് അദാനിക്കുള്ളത്. 273.5 ബില്യൺ ആസ്തിയുള്ള എലോൺ മസ്‌ക് ലോകത്തെ ഒന്നാമത്തെ ധനികനായി തുടരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ തലവനായ മുകേഷ് അംബാനി 92 ബില്യൺ ഡോളറിൻ്റെ ആസ്തിയിൽ എട്ടാം സ്ഥാനത്താണ്.
എയർപോർട്ടുകൾ, സിമന്റ്, കോപ്പർ റിഫൈനിംഗ്, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, പെട്രോകെമിക്കൽ റിഫൈനിംഗ്, റോഡുകൾ, സോളാർ സെൽ നിർമ്മാണം തുടങ്ങി പുതിയ വളർച്ചാ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷമായി അദാനി എന്റർപ്രൈസസ് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ടെലികോം മേഖലയെ കൂടാതെ ഗ്രീൻ ഹൈഡ്രജൻ, എയർപോർട്ട് ബിസിനസുകൾ എന്നിവ വളർത്തിയെടുക്കാനും പദ്ധതികളുണ്ട്. ഗ്രീൻ എനർജി ഇൻഫ്രാസ്ട്രക്ചറിനായി അദാനി ഗ്രൂപ്പ് 70 ബില്യൺ ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.