സമ്പന്നര്‍ക്ക് നികുതി ചുമത്തുമെന്നും പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുമെന്നുമുള്ള വാഗ്ദാനങ്ങളോടെ ഇറ്റാലിയന്‍
പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ ഇടതുപക്ഷമൊരുങ്ങുന്നു. എല്ലാ ഇടതു ഗ്രൂപ്പുകളും ഒന്നിച്ച് പീപ്പിള്‍സ് യൂണിയന്‍ (പിയു) എന്ന ബാനറിലാണ് മത്സരിക്കുക.
ഏഴ് ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നതാണ് പിയു. ലൂയിഗി ഡി മഗിസ്ട്രിസിൻ്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രചരണം ആരംഭിച്ചു. ചേമ്പര്‍ ഓഫ് ഡെപ്യൂട്ടീസിലെ 400 സീറ്റിലേയ്ക്കും സെനറ്റ് ഓഫ് റിപ്പബ്ലിക്കിലെ 200 സീറ്റിലേയ്ക്കും സെപ്തംബര്‍ 25ന് തിരഞ്ഞെടുപ്പു നടക്കും. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്തെ ഭരണശൈഥില്യത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകര്‍.
2018 മുതല്‍ ഇറ്റലിയില്‍ സ്ഥിരതയുള്ള സര്‍ക്കാരില്ല. നിലവില്‍ വന്ന മൂന്നു സര്‍ക്കാരുകളും ആഭ്യന്തരക്കുഴപ്പങ്ങളും കൂറുമാറ്റവും മൂലം നിലംപൊത്തി. 2018ലെ തിരഞ്ഞെടുപ്പിനു ശേഷം 88 ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഗിസെപ്പെ കോന്റയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റത്. ഉപപ്രധാനമന്ത്രിയായിരുന്ന മറ്റേയോ സാല്‍വീനിയും പാര്‍ടിയും പിന്തുണ പിന്‍വലിച്ചതോടെ കോൻ്റെ സര്‍ക്കാര്‍ 2019ല്‍ തകര്‍ന്നു.
ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണയോടെ കോൻ്റെ തന്നെ പിന്നെയും അധികാരമേറിയെങ്കിലും, സെന്‍്ട്രിസ്റ്റ് ഇറ്റാലിയ വിവാ പാര്‍ടി പിന്തുണ പിന്‍വലിച്ചതോടെ 2021ല്‍ ഈ സര്‍ക്കാരും രാജിവെച്ചു. തുടര്‍ന്ന് അധികാരമേറ്റ മരിയോ ദ്രാഹിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2022 ജൂലൈയില്‍ രാജിവെയ്‌ക്കേണ്ടി വന്നു.
ദ്രാഹി ഗവണ്മെന്റിൻ്റെ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇടതുപാര്‍ടികളും ട്രേഡ് യൂണിയനുകളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ജീവിതച്ചെലവ് ദുസഹമായി ഉയരുകയും സാധാരണക്കാരുടെ ജീവിതം ക്ലേശപൂര്‍ണമാവുകയും ചെയ്തു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശിച്ച കഠിനമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍.
കൂട്ടുകക്ഷി സര്‍ക്കാരുകള്‍ തുടര്‍ച്ചയായി ഭരണത്തകര്‍ച്ച നേരിടുന്നത് ആ കക്ഷികള്‍ക്കെതിരെയുള്ള ജനവികാരം ശക്തമാക്കിയിട്ടുണ്ട്. 2018 മുതല്‍ രൂപം കൊണ്ട എല്ലാ സര്‍ക്കാരുകളിലും ഇറ്റലിയിലെ ഏതാണ്ടെല്ലാ മുഖ്യധാരാ കക്ഷികളും ഭാഗമായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും സ്ഥിരതയുള്ള ഒരു സര്‍ക്കാരിന് നേതൃത്വം നല്‍കാനായിട്ടില്ല. ഈ സ്ഥിതിവിശേഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.