തലച്ചോറിൽ ബാധിക്കുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിലാണ് കാനഡ. രോഗബാധയുമായി കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആറുപേർ മരണപ്പെട്ടിട്ടുമുണ്ട്. ശരീരത്തിന്റെ സന്തുലനം നഷ്ടമാകുക, പെട്ടെന്ന് ശരീരഭാരം കുറയുക, പെരുമാറ്റത്തിൽ വ്യത്യാസം, സ്‌മൃതിനാശം, കാഴ്ച- കേൾവി പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണം. ‘ന്യൂ ബ്രൺസ്‌വിക്ക് സിൻഡ്രോം’ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്ന് ആരോഗ്യ മന്ത്രി ഡൊറോത്തി ഷെപ്പേർഡ് പറഞ്ഞു.
രോഗത്തിന്റെ കാരണവും മറ്റ് വശങ്ങളും പഠിക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് വൈസ് പ്രസിഡന്റ് എഡ്വേർഡ് ഹെൻട്രിക് മേധാവിയായ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു. ആറ് ന്യൂറോളജിസ്‌റ്റുകളും ഒരു പൊതുജനാരോഗ്യ വിദഗ്‌ധനുമാണ് സമിതിയിലുള്ളത്. മൃഗങ്ങളിൽനിന്ന് പടരുന്നതാണോ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണമാണോ തുടങ്ങിയ സാധ്യതകളാണ് പരിശോധിക്കുന്നത്. ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണോ രോഗബാധയെന്നും സ്ഥിരീകരിച്ചിട്ടില്ല.