ഇടതു നിരീക്ഷകനെന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പ്രേംകുമാര്‍ തികഞ്ഞ ഇടതുപക്ഷ വിരുദ്ധനായിരുന്നുവെന്ന് മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്. പ്രേംകുമാറിൻ്റെ പഴയകാല ഫേസ്ബുക്ക് പോസ്റ്റുകള്‍ നിരത്തിയാണ് പ്രേംകുമാര്‍ ഇടതുവിരുദ്ധനാണെന്ന വിമര്‍ശനവുമായി എസ് സുദീപ് രംഗത്തെത്തിയത്.
പ്രേംകുമാറിന് ആരാധന അധികാരത്തോടു മാത്രമാണ്. എവിടെ അധികാരമുണ്ടോ അവിടെ പ്രേംകുമാറുണ്ടാകുമെന്ന സൂചനനല്‍കിക്കൊണ്ടാണ് എസ് സുദീപിൻ്റെ പോസ്റ്റ്.
ഈ പോസ്റ്റിന് കൂടുതല്‍ വിശദീകരണവും സുദീപ് നല്‍കി.
സ്വാർത്ഥ താല്പര്യത്തിനായി മാത്രം പാർട്ടിയോട് ഒട്ടി നിൽക്കുന്നവരുണ്ട്.
അധികാരമുള്ള സമയത്ത് കൂട്ടമായി പറന്നെത്തുന്ന വെട്ടുകിളികളാണവർ.
അത്ര നാളും പാർട്ടി വിരുദ്ധത മാത്രം കൈമുതലായിരുന്ന അവർ പാർട്ടിക്കെതിരെ അത്രയും കാലം നടത്തിയിരുന്നതൊന്നും വിമർശനങ്ങളല്ല, മറിച്ച് പാർട്ടിയെ നശിപ്പിക്കണമെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള നശീകരണാത്മക ആക്രമണങ്ങൾ തന്നെയാണ് എന്നു മനസിലാക്കാൻ നമുക്കു കഴിയണം. ക്രിയാത്മക വിമർശനം അതിൽ നിന്നും തീർത്തും വിഭിന്നമാണ്. പാർട്ടിക്കോ പാർട്ടി നയിക്കുന്ന ഭരണകൂടത്തിനോ തെറ്റുപറ്റിയെന്നു തോന്നുമ്പോൾ അതു തിരുത്തപ്പെടണമെന്ന ഉൽക്കടമായ ആഗ്രഹത്തിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് ക്രിയാത്മക വിമർശനം. അത് പാർട്ടിയെ തകർക്കാനല്ല.
നശീകരണാത്മക വിമർശനം മാത്രം നടത്തുന്നവർ പാർട്ടിയെ അടച്ചാക്ഷേപിക്കും.
പാർട്ടി അനുയായികളും മെംബർമാരുമെല്ലാം എന്തുകേട്ടാലും വിഴുങ്ങുന്ന വിവേചന ബുദ്ധി ലവലേശമില്ലാത്ത കഴുതകളാണെന്ന് അവർ നിസംശയം പറയും.
കൊലപാതകികളുടെ, സ്ത്രീ വിരുദ്ധരുടെ, കള്ളവോട്ടുകാരുടെ കൂട്ടായ്മ മാത്രമാണ് പാർട്ടി എന്നവർ ഉറക്കെ പ്രഖ്യാപിക്കും.
പാർട്ടി നേതാക്കളെ പേരെടുത്തു പറഞ്ഞ് നിരന്തരം വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടിരിക്കും.
അതേ പാർട്ടിയും നേതാക്കളും അധികാരത്തിലെത്തുകയും അധികാരം ഉറപ്പിക്കുകയും ചെയ്യുന്നു എന്നു കാണുമ്പോൾ അവർ ഒരു മടിയുമില്ലാതെ പാർട്ടി സഹയാത്രികൻ എന്ന ലേബൽ സ്വയം എടുത്തങ്ങ് അണിയും.
പിന്നീട് സ്തുതിപാടലിൻ്റെ ആറാട്ടാണ്. ദിവസം പത്തു പോസ്റ്റെങ്കിലും സ്തുതി പാടലിനു മാത്രമായി മാറ്റിവയ്ക്കും. ചാനലുകളിൽ വന്നിരുന്നുള്ള പാടൽ വേറെയും.
ആരും ക്രിയാത്മക വിമർശനം നടത്താതിരിക്കാൻ അവർ ബദ്ധശ്രദ്ധരായിരിക്കും. ക്രിയാത്മക വിമർശനം നടത്തുന്നവരെയൊക്കെ പാർട്ടി വിരുദ്ധരായി അവർ തന്നെ ചാപ്പ കുത്തി ആക്രമണത്തിനു വിധേയരാക്കും.
സ്വയം മാർക്കറ്റ് ചെയ്യാൻ അവർ പാർട്ടിയിലും ഭരണത്തിലുമൊക്കെ ഉന്നത ബന്ധങ്ങൾ സൃഷ്ടിക്കാനും അതൊക്കെ പരസ്യപ്പെടുത്താനും നിരന്തരം പണിപ്പെടും. ഉന്നതരെയൊക്കെ ചേംബറിൽ പോയി കണ്ട് ഫോട്ടോയെടുത്ത് ജനം കാൺകെ ഒട്ടിച്ചു വയ്ക്കും. പാർട്ടി സമ്മേളന വേദിയിൽ ഓടി നടന്ന് സെൽഫി എടുക്കും. കളക്ടർ ബ്രോമാരെയും സെൽഫ് പ്രമോഷൻ പരിസ്ഥിതി വക്കീലന്മാരെയുമൊക്കെ ചേർത്തു നിർത്തും. വലതു പക്ഷ ചാനൽ പ്രവർത്തകരെ മടിയിലിരുത്തി ലാളിക്കും.
ദേശീയ പാതയിലെ കുഴികളെക്കാൾ പതിന്മടങ്ങു വ്യാസമുള്ള കിടങ്ങുകളാണ് അവർ തീർക്കുക. സ്തുതി പാടലിൻ്റെ തുപ്പൽ തെറിപ്പിച്ചും ഒട്ടിച്ചും അവർ ആ ഗർത്തങ്ങൾ മൂടിയിടും.
അത്തരം അഗാധ ഗർത്തങ്ങൾ തിരിച്ചറിയുമ്പോഴേയ്ക്കും ഏറെ വൈകിയിരിക്കും. ഒരു ഭരണകൂടത്തെ തന്നെ വീഴ്ത്താൻ തക്ക വലിപ്പമുള്ള ഗർത്തങ്ങളായിരിക്കും അവ. പിന്നീടൊരിക്കലും പുറത്തുകടക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. ഭദ്ര-ലോകത്തിൽ നിന്നും ഭദ്രമല്ലാത്ത മറ്റൊരു/പര ലോകത്തിലേയ്ക്കുള്ള പതനം.
സ്തുതി പാഠകർ നിങ്ങളെ തിരിഞ്ഞു നോക്കില്ല. അവർ പുതിയ മേച്ചിൽപ്പുറങ്ങളിലായിരിക്കും.
എല്ലാ പാർട്ടികൾക്കൊപ്പവും അത്തരം കപട നാടകക്കാരായ കള്ളനാണയങ്ങൾ ഉണ്ട്.
അവരെ തിരിച്ചറിയാൻ അത്ര പാടൊന്നുമില്ല.
ചൂണ്ടിക്കാണിച്ചിട്ടും അവരെ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയാത്തത് നിങ്ങൾ അത്രമേൽ നിഷ്കളങ്കരായതു കൊണ്ടാണ്. നിങ്ങൾ മനുഷ്യൻ്റെ നന്മയിൽ മാത്രം വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരായതു കൊണ്ടാണ്.
മനുഷ്യൻ്റെ നന്മയിൽ നിങ്ങൾ തീർച്ചയായും വിശ്വസിച്ചോളൂ.
പക്ഷേ അതിനു മുമ്പ് നിങ്ങളുടെ സഹയാത്രികൻ മനുഷ്യനാണെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.
ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ദുരന്തമാണ്.
അതൊഴിവാക്കാൻ പ്രതിരോധ വാക്സിനില്ല.
സഹയാത്രികർ നിങ്ങളെ നക്കി നക്കി കിടങ്ങുകളിലേയ്ക്കു വീഴ്ത്തും.
നക്കി നക്കി തുപ്പലിലൂടെ അവർ പേവിഷം നാടു മുഴുവൻ വ്യാപിപ്പിക്കും.
ചികിത്സയെക്കാൾ നല്ലത് പ്രതിരോധം തന്നെയാണെന്നായിരുന്നു സുദീപിൻ്റെ വിശദീകരണം
എസ് സുദീപിൻ്റെ വിമര്‍ശനങ്ങള്‍ക്ക് തൊട്ട് പിന്നാലെ മറുപടിയുമായി പ്രേംകുമാര്‍ തൻ്റെ നിലപാട് വ്യക്തമാക്കി. അധികാരത്തിൻ്റെ സൗകര്യമുപയോഗിച്ച് ഇന്നേവരെ ഒരു കാര്യവും ഞാന്‍ നേടിയിട്ടില്ല; ഇനി ഒരു കാലത്തും ഒന്നും നേടാനും വിചാരിക്കുന്നുമില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് പ്രേംകുമാറിൻ്റെ പോസ്റ്റ്.