സമൻസെഴുതുന്ന ലാഘവത്തിൽ സത്യവാങ്മൂലമെഴുതാൻ കഴിയില്ലെന്ന തിരിച്ചറിവിൽ വിയർക്കുകയാണ് അന്വേഷണാധികാരത്തിൻ്റെ സർവപ്രതാപമുള്ള സാക്ഷാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതി സമക്ഷം ഇഡിയ്ക്ക് വീണത് കിഫ്ബിയുടെ കത്രികപ്പൂട്ട്. വിതുമ്പിയും വിയർത്തും ഇഡി കോടതിയ്ക്കു മുന്നിൽ ഉയർത്തുന്നത് ഒരേ ആവശ്യം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തങ്ങൾക്കിനിയും സമയം വേണം.
ഒടുവിൽ കോടതി കർശനമായിപ്പറഞ്ഞു…. എതിർ സത്യവാങ്മൂലം സെപ്തംബർ 18നോ അതിനു മുമ്പോ വേണം… കിഫ്ബിയിലെ ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ചറ പറാ സമൻസ് എഴുതിയ ഊറ്റമൊക്കെ ചോർന്ന് തരിപ്പണമായ ഇഡി സമയം നീട്ടിച്ചോദിച്ച് യാചകഭാവത്തിൽ കോടതിയുടെ കരുണയ്ക്കു വേണ്ടി ഇരക്കുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് 11നാണ് നിയമയുദ്ധം തുടങ്ങിയത്. അന്ന് മുതൽ കോടതിയോട് ഇഡി ഒരാവശ്യമേ ഉന്നയിച്ചിട്ടുള്ളൂ. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണം. കോടതി അനുവദിക്കുകയും ചെയ്തു. മദം പൊട്ടി നിൽക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയല്ലേ. സമയം ചോദിച്ചാൽ കൊടുത്തില്ലെങ്കിൽ മോശമല്ലേ. ആഗസ്റ്റ് 16ന് മറുപടിയുമായി വരൂ എന്നായി കോടതി. ആകട്ടെയെന്ന് ഇഡി.
ഉഷസുകൾ അഞ്ചാറു പുലർന്നു. അത്രതന്നെ സന്ധ്യകളും എരിഞ്ഞു തീർന്നു. ആഗസ്റ്റ് 16 ആയി. കോടതി തുറന്നു, കേസു വിളിച്ചു. ഇഡിയുടെ വഞ്ചി തിരുനക്കരക്കുറ്റിയിൽ നിന്ന് ഒരിഞ്ച് അനങ്ങിയിട്ടില്ല. പിന്നേം സമയം വേണമെന്നായി വായ്പാട്ട്.
കോടതിയ്ക്ക് ദയ തോന്നി. സെപ്തംബർ രണ്ടു വരെ സമയം കൊടുത്തു. ആദ്യം അഞ്ചു ദിവസം. പിന്നെ പതിനേഴു ദിവസം. എതിർ സത്യവാങ്മൂലം തയ്യാറാക്കാൻ ഇത്രയും സമയം ധാരാളമെന്ന് കോടതി ചിന്തിച്ചു.
പിന്നീടുള്ള പ്രഭാതങ്ങളും സന്ധ്യകളും സെപ്തംബർ 2ലേയ്ക്കുള്ള കാത്തിരിപ്പുകളായിരുന്നു. അങ്ങനെ ആ സുദിനം പുലർന്നു. കോടതി യഥാവിധി കൂടി. പക്ഷേ, ഇഡിയുടെ വഞ്ചി തിരുനക്കര നിന്ന് അതേ പാട്ട് വീണ്ടും പാടി… സമയം വേണം, സമയം വേണം… സത്യവാങ്മൂലത്തിന് സമയം വേണം.
കോടതിയ്ക്ക് അൽപസ്വൽപം ദേഷ്യം വന്നു കാണും. ഈ വായ്പാട്ടുമായി എത്രകാലം? കോടതി കണിശമായിപ്പറഞ്ഞു. കളി മതി. സെപ്തംബർ 18 നോ അതിനു മുമ്പോ സത്യവാങ്മൂലം ഇവിടെ കിട്ടിയിരിക്കണം. കേസ് സെപ്തംബർ 23ന് പരിഗണിക്കും….
ഇതിനിടയിൽ കോടതി ഒന്നുകൂടി ചെയ്തു. സാധാരണ ഇഡിയാണല്ലോ കുരുക്കു മുറുക്കുക. ഇക്കുറി കോടതി ഇഡിയുടെ കഴുത്തിലൊരു കുരുക്ക് സൗജന്യമായി ഇട്ടുകൊടുത്തു. മസാലാ ബോണ്ടുവഴി വഴി വേറെയും പൊതുമേഖലാ സ്ഥാപനങ്ങൾ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് കിഫ്ബി ഹൈക്കോടതിയെ ധരിപ്പിച്ചിട്ടുണ്ടല്ലോ. അവരിൽ എത്രപേർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കേരള ഹൈക്കോടതി ഇഡിയോട് ചോദിച്ചു. എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിനോട് ചോദിച്ചു. പ്രതികരണം രേഖാമൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നാഷണൽ ഹൈവേ അതോറിറ്റിയും നാഷണൽ തെർമൽ പവർ കോർപറേഷനും ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസിയുമൊക്കെ മസാലാ ബോണ്ടിറക്കി നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. കിഫ്ബി സ്വീകരിച്ച അതേ വഴിയും അതേ നടപടിക്രമങ്ങളും. അപ്പോപ്പിന്നെ കിഫ്ബിയുടെ നിക്ഷേപം മാത്രമെങ്ങനെ നിയമവിരുദ്ധമാകും എന്ന ചോദ്യം ന്യായം.
ഈ ചോദ്യം പല തവണ പത്രസമ്മേളനങ്ങളായും ലേഖനങ്ങളായും പ്രസംഗമായും ഫേസ്ബുക്ക് കുറിപ്പായും പലരും പലതവണ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, വിശ്വസനീയമായ ഒരു മറുപടിയും ഇഡിയോ അവരുടെ ഏറാൻമൂളികളായ മാധ്യമപ്രവർത്തകരോ നൽകിയിട്ടില്ല. ഇനി കോടതിയിൽ അതു പറയേണ്ടി വരും.
ഇഡിക്കൂട്ടിൽ കിഫ്ബിയെന്ന തലക്കെട്ട് മാധ്യമങ്ങളിൽ വരുത്താൻ വാട്സാപ്പ് സാഹിത്യം മതി. പക്ഷേ, കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആ ബുദ്ധി പോര. കേരള സർക്കാരും കിഫ്ബിയും തോമസ് ഐസക്കും പൊതുസമൂഹത്തിനു മുന്നിൽ ഇന്നോളം പറഞ്ഞ കാര്യങ്ങൾ തന്നയാണ് കോടതിയ്ക്കു മുന്നിലും ഉന്നയിച്ചിരിക്കുന്നത്. ധാർഷ്ട്യത്തോടെ ആ ചോദ്യങ്ങളെ അവഗണിച്ചവരാണ് ഇന്ന് കോടതിയിൽ ഉത്തരംമുട്ടി വിയർത്തു കുളിച്ചു നിൽക്കുന്നത്.
ചെയ്തതെല്ലാം നിയമപരവും നടപടിക്രമങ്ങൾ പാലിച്ചുമാണെന്ന ആത്മവിശ്വാസമാണ് സർക്കാരിനും കിഫ്ബിയ്ക്കും തോമസ് ഐസക്കിനും. അതുകൊണ്ടു തന്നെ ഇഡിയെന്നല്ല, അവർക്കു പിന്നിൽ ചരടുവലിക്കുന്ന യജമാനന്മാരെയും ഭയക്കേണ്ട കാര്യവുമില്ല. പക്ഷേ, ഇഡിയുടെ ചെയ്തികൾക്ക് നിയമത്തിന്റെയോ നടപടിക്രമങ്ങളുടെയോ പരിരക്ഷയില്ല. അതുകൊണ്ടാണ് തങ്ങളുടെ ചെയ്തികളെ സാധൂകരിക്കുന്ന ഒരു വാചകം പോലും അവർക്കിതുവരെ കോടതിയ്ക്കു സമക്ഷം ഉച്ചരിക്കാൻ കഴിയാത്തത്.
ഇഡി ശരിക്കും കളി പഠിക്കുകയാണ്. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ പയറ്റിയ തന്ത്രം കേരളത്തിൽ പരാജയപ്പെടുമെന്ന യാഥാർത്ഥ്യം ഇനിയവർക്ക് ഔദ്യോഗികമായി ഉൾക്കൊള്ളേണ്ടി വരും. കൊടുത്ത സമൻസുകൾ കോൾഡ് സ്റ്റോറേജിലായി. ഇനി പുതിയ സമൻസുകൾ നൽകാനുമാവില്ല. കേരള സർക്കാരിനെ ഇപ്പോ പിരിച്ചുവിടും, കിഫ്ബിയെ ഇഡി പൂട്ടിക്കെട്ടും, ഐസക്കിനെ അറസ്റ്റു ചെയ്യും എന്നൊക്കെ പ്രതീക്ഷിച്ച് ബ്രേക്കിംഗ് ന്യൂസ് പടയ്ക്കാൻ ഉറക്കമൊഴിച്ചിരുന്ന മാധ്യമശിങ്കങ്ങൾക്കും ഇത് നിരാശയുടെ കാലം