എൻഡിഎ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014 ൽ വിജയിച്ച നരേന്ദ്ര മോഡിക്കും എൻഡിഎ സഖ്യത്തിനും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമോ എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം. ജെഡിയു നേതാവായ നിതീഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.
ബീഹാറിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറും ജെഡിയുവും ഇന്നെലെയാണ് സഖ്യം ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ സഖ്യം ഉപേക്ഷിക്കാൻ ജെഡിയു തീരുമാനിച്ചതോടെ വൈകുന്നേരം നാല് മണിക്ക് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയായിരുന്നു. ഇന്ന് രണ്ട് മണിക്ക് മഹാഗഡ്ബന്ധൻ സർക്കാർ ചുമതലയേറ്റതോടെ നിതീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രിയായി. ആർജെഡി നേതാവും മുൻ ക്രിക്കറ്റ് താരവുമായ തേജസ്വി യാദവാണ് ബീഹാർ ഉപമുഖ്യമന്ത്രി. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാൻ മാത്രമേ അറിയൂ എന്നും ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറിനും തേജസ്വി യാദവ് പറഞ്ഞു.