ദേശീയ പാതയിലെ കുഴികളടക്കുന്നത് ശരിയായ നിലയിലാണോ എന്നകാര്യം കളക്ടർമാർ ഉറപ്പുവരത്തണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദേശം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അറ്റകുറ്റ പണികൾ പൂർത്തീകരിക്കാൻ ഒരാഴ്ചയാണ് സമയം നൽകിയിരുന്നത്. നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ, എറണാകുളം കളക്ടർമാർ പരിശോധിക്കണം. അതല്ലെങ്കിൽ കളക്ടർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കൈമാറണമെന്നും കോടതി നിർദേശിച്ചു. കളക്ടർമാർ കാഴ്ച്ചക്കാരായി ഇരിക്കരുത്. അവർക്ക് അധികാരങ്ങൾ ഉണ്ട്. ദുരന്തനിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ അതിൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.