സംഘപരിവാറിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അജൻഡ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്ക് കഴിഞ്ഞ ജൂൺമുതൽ തന്നെ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടക്കമിട്ടതായി സൂചന. പുതിയ പാർലമെന്റിൻ്റെ ഉദ്ഘാടനത്തിനു പിന്നാലെ ജൂൺ രണ്ടിന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും കോവിന്ദിനെ വസതിയിലെത്തി കണ്ട് ചർച്ച നടത്തിയിരുന്നു. കർണാടക തെരഞ്ഞെടുപ്പിൽ തോറ്റതോടെ ആശങ്കയിലായ ബിജെപി നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തന്ത്രം ആവിഷ്കരിക്കുന്ന ഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതിനായി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അജൻഡ സജീവമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സഹപ്രവർത്തകരുമായി കൂടിയാലോചിച്ചിരുന്നു.
ജൂൺ ഒമ്പതുമുതൽ ആഗസ്ത് 29 വരെയുള്ള കാലയളവിൽ കോവിന്ദ് വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തി. കേരളം, ബംഗാൾ, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെയും ദാദ്ര നഗർഹവേലി അഡ്മിനിസ്ട്രേറ്ററെയും കോവിന്ദ് കണ്ടു. സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, യുപി മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ ആഗസ്ത് 29ന് കോവിന്ദ് സന്ദർശിച്ചു. ആഗസ്തിലും അമിത് ഷാ കോവിന്ദിനെ കണ്ടു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാനുമായുള്ള കൂടിയാലോചനക്കു ശേഷം കേരളത്തിലെ പ്രമുഖ ബിജെപി, ആർഎസ്എസ് നേതാക്കളുമായും കോവിന്ദ് ചർച്ച നടത്തിയതായാണ് വിവരം. പത്തു മാസത്തിനിടെ രണ്ടു തവണ കേരളത്തിൽ എത്തിയ അദ്ദേഹം നിരവധി ദിവസം കേരളത്തിൽ തങ്ങി. സമിതിയുടെ തലവനായി തെരഞ്ഞെടുക്കുംമുമ്പുതന്നെ രാംനാഥ് കോവിന്ദ് പ്രവർത്തനം തുടങ്ങിയതിൻ്റെ തെളിവാണ് ഇത്. കഴിഞ്ഞ നവംബറിൽ അദ്ദേഹം കേരളത്തിൽ എത്തിയത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനൊപ്പമാണ്. കാര്യമായ പരിപാടികൾ അന്നില്ലായിരുന്നു. വെള്ളനാട് ഗവേഷണ ലൈബ്രറി ഉദ്ഘാടന ചടങ്ങിലാണ് പങ്കെടുത്തത്. ആഗസ്ത് 19നും കേരളത്തിൽ എത്തി. രാജ്ഭവനിലെ ഓണാഘോഷത്തിൽ പ്രധാന അതിഥി രാംനാഥ് കോവിന്ദായിരുന്നു. തുടർന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും വർക്കല നാരായണ ഗുരുകുലത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തു. ശിവഗിരിയും സന്ദർശിച്ചു. ആർഎസ്എസ് അജൻഡയെ ശക്തമായി എതിർക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് സമിതി തലവൻ്റെ ചുമതല ഏറ്റെടുക്കുംമുമ്പുതന്നെ ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേരളത്തിൽ എത്തിയതെന്നാണ് വിവരം. ആർഎസ്എസ് നിലപാടുകളോടുള്ള എതിർപ്പ് രാജ്യത്ത് ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ പ്രതിപക്ഷ പാർടികളും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർക്കുന്നു.
മോദിയുടെ വിശ്വസ്തനെന്ന നിലയിലാണ് കോവിന്ദിനെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ തലവനായി നിയമിച്ചത്. സുപ്രീംകോടതി അഭിഭാഷകനായിരുന്ന കോവിന്ദിൻ്റെ നിയമപരിജ്ഞാനവും പരിഗണിച്ചിട്ടുണ്ട്. രാഷ്ട്രപതിസ്ഥാനത്തു നിന്ന് വിരമിച്ച ആൾ ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കുന്നതും ഇതാദ്യം.