ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടിൻ്റെ ക്രെഡിറ്റ് അടിച്ചെടുത്ത് കെ സി വേണുഗോപാൽ. ആലപ്പുഴ നഗരസഭ ലൈഫ് ഭവനപദ്ധതിയിൽ പൂർത്തിയാക്കിയ വീടാണ് കെ സി വേണുഗോപാൽ തൻ്റെ പേരിലാക്കിയത്. കോൺഗ്രസ് പ്രവർത്തകനായ തോണ്ടൻകുളങ്ങര വെളിയിൽ വീട്ടിൽ അലക്സാണ്ടർക്ക് നൽകിയ വീട് കെ സി വേണുഗോപാലിൻ്റെ സഹായത്താൽ നിർമിച്ചതെന്ന് പ്രചരിപ്പിച്ചായിരുന്നു താക്കോൽ കൈമാറിയത്. വാർഡ് കൗൺസിലറായിരുന്ന കെ ബാബുവിൻ്റെ ശുപാർശ പ്രകാരമായിരുന്നു നഗരസഭ 2016–17 വർഷം അലക്സാണ്ടർക്ക് വീട് അനുവദിച്ചത്. UDF അധികാരത്തിൽ വന്നാൽ പിരിച്ചു വിടുമെന്ന് പറഞ്ഞ ലൈഫ് മിഷനിലെ വീടാണ് കോൺഗ്രസ് നേതാവ് അടിച്ചുമാറ്റിയത്.
2020 ജൂൺ ആറിന് അലക്സാണ്ടർ നഗരസഭയുമായി (ഫയൽ നമ്പർ: 11261) കരാറിൽ ഒപ്പിട്ടു. നിർമാണഘട്ടങ്ങൾ പൂർത്തിയായ മുറയ്ക്ക് മൂന്ന് ഗഡുക്കളായി 3,60,000 രൂപ കൈപ്പറ്റി. 40,000, 1,60, 000, 1,60,000 എന്നിങ്ങനെ. ഒരുഗഡുകൂടി നൽകാനുണ്ട്. നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ 40,000 രൂപ കൂടെ ലഭിക്കും. ഇതിനൊപ്പം മറ്റ് മൂന്ന് വീടും നിർമിച്ചെന്നുകാട്ടി താക്കോൽ കൈമാറിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് കെ സി വേണുഗോപാൽ വീട് നിർമിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രചാരണം.