സത്യം ജയിക്കുന്നതിൻ്റെ തുടക്കമാണ് ദിലീപിൻ്റെ ഹർജി തള്ളിയ കോടതിയുടെ വിധിയെന്ന് സംവിധയകാൻ ബാലചന്ദ്രകുമാർ. ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ പറഞ്ഞു. നിയമവും നീതിന്യായ വ്യവസ്ഥയും എല്ലാവർക്കും ഒരു പോലെയാണെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളാണിത്. നിയമത്തിൻ്റെ മുന്നിൽ ദിലീപെന്നോ മറ്റൊരാളെന്നോ ഇല്ല, എല്ലാവരും തുല്യരാണ്. പ്രതീക്ഷിച്ചിരുന്ന വിധിയാണ്, ഇങ്ങനെയുള്ള വിധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
‘ഞാൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യത്തിന് ഒരു മുഖം മാത്രമേ ഉള്ളൂ. എപ്പോൾ പറഞ്ഞാലും അതുതന്നെയായിരിക്കും. അതുകൊണ്ട് പറഞ്ഞതിൽ ഉറച്ചുനിന്നു. സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ട്. അതിന് മുന്നോടിയായുള്ള തുടക്കമാണ് ഇന്നത്തെ വിധി’, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അധിക കുറ്റം ചുമത്തിക്കൊണ്ടുള്ള തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ് ബാലചന്ദ്ര കുമാറിൻ്റെ പ്രതികരണം. എറണാകുളം സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി. പ്രതികൾക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. ഇതിനായി രണ്ട് പ്രതികളോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിന് ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ തെളിവുകൾ നശിപ്പിച്ചെന്നായിരുന്നു പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ്റെ കേസ്.
എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ കോടതി ഇത് തള്ളി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിൻ്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ദിലീപിന് തിരിച്ചടി;തെളിവ് നശിപ്പിക്കല് കുറ്റം നിലനില്ക്കും