വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്താസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
1991ലെ ക്ഷേത്രാരാധന സ്ഥല നിയമപ്രകാരവും, 1995ലെ വഖഫ് നിയമപ്രകാരവും കാശി വിശ്വനാഥ ക്ഷേത്ര നിയമപ്രകാരവും ഹിന്ദു കക്ഷികള്‍ നല്കിയ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 12നായിരുന്നു വാരണാസി ജില്ലാ കോടതി വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി. വാരണാസി കോടതിയിലെ നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗ സമാനമായ രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം ഇതേ ജില്ലാ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തൊട്ട് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി.