അറ്റ്ലസ് രാമചന്ദ്രന്‍ തോറ്റ മനുഷ്യനായിരുന്നില്ല. തോറ്റു പോകുന്നവരില്‍ ആത്മവിശ്വാസത്തിൻ്റെ നിലാവെളിച്ചം കത്തിച്ചവന്‍
നൗഫല്‍ എന്‍ എഴുതുന്നു
അഡ്വ. ജയശങ്കർ തീർപ്പ് കല്പിച്ചതുപോലെ പ്രഹസനമായി ആരംഭിക്കുകയും ദുരന്തമായി പര്യവസാനിക്കുകയും ചെയ്ത കീട ജന്മമായിരുന്നോ ശ്രീ അറ്റ്‌ലസ് രാമചന്ദ്രൻ ?
*****
അറ്റ്ലസ് രാമചന്ദ്രൻ സാമ്പത്തിക കുറ്റകൃത്യത്തിന് ജയിലിലായ കാലം. ചെക്ക് മടങ്ങിയതാണ് അദ്ദേഹം ചെയ്ത സാമ്പത്തിക കുറ്റകൃത്യം എന്ന് പോലും മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട് ചെയ്തിരുന്നില്ല. വിജയ് മല്ല്യയെ പോലെ സർക്കാരിനെയും ബാങ്കുകളെയും പറ്റിച്ചു മുങ്ങിയ കൊടും ഭീകരനായി ആയിരുന്നു അദ്ദേഹത്തെ പറ്റി അക്കാലത്ത് മലയാള മാധ്യമങ്ങൾ പോലും വാർത്തകൾ കൊടുത്തിരുന്നത്.
സാധാരണ ഗതിയിൽ എത്ര വേഗത്തിൽ ഈ ഒരു വാർത്തയുടെ പുറത്ത് മാത്രം നമ്മൾ- മലയാളികൾ അദ്ദേഹത്തിൻ്റെ ഭൂതകാല നേട്ടങ്ങളെ റദ്ദ് ചെയ്ത്, പരിഹാസവും പുച്ഛവും വെറുപ്പും മറവിയും കൊണ്ട് ആ മനുഷ്യനെ ക്രൂശിക്കേണ്ടതാണ്. എന്നിട്ടും നമ്മൾ ആ മനുഷ്യനെ വെറുത്തില്ല. അയാളോട് നമുക്ക് തോന്നിയത് കരുണയും സ്നേഹവും മാത്രമായിരുന്നു.
എത്രയും വേഗം ജയിലിൽ നിന്ന് പുറത്തിറങ്ങി, തകർന്നു തരിപ്പണമായ ബിസിനിസ് സാമ്രാജ്യം ഒന്ന് മുതൽ കെട്ടിപ്പൊക്കി വീണ്ടും തെളിഞ്ഞ ചിരിയോടെ, തിളക്കമുള്ള കുപ്പായമിട്ട് നമുക്ക് മുന്നിൽ നിന്നു ജനകോടികളുടെ വിശ്വസ്ത സ്‌ഥാപനം എന്ന് പറയുന്ന അറ്റ്‌ലസ് രാമചന്ദ്രനെ നമ്മൾ വീണ്ടും വീണ്ടും സങ്കൽപ്പിച്ചു. ഭാവനയിൽ വരച്ചിട്ടു – ആനന്ദിച്ചു. അദ്ദേഹം ഇനിയും സ്വർണ്ണ കട തുടങ്ങിയാൽ അവിടെ നിന്നേ സ്വർണ്ണം വാങ്ങൂ എന്ന് എത്രയോ പേര് സ്വയമുറപ്പിച്ചു.
യൂസഫ് അലിയെ പോലെ കാരുണ്യത്തിൻ്റെ ഒരു അസാധ്യ ജീവിതം നയിച്ച ബിസിനസുകാരനായിരുന്നില്ല അറ്റ്ലസ് രാമചന്ദ്രൻ. ബോബി ചെമ്മണ്ണൂരിനെ പോലെ സ്വാതന്ത്ര്യത്തിൻ്റെ പരസ്യജീവിതം കൊണ്ട് വിസ്മയിപ്പിച്ച ആളുമായിരുന്നില്ല. എന്നിട്ടും മലയാളികൾ അറ്റ്‌ലസ് രാമചന്ദ്രനെ സ്നേഹിച്ചത്, അയാളെ പ്രതി സങ്കടപ്പെട്ടത്, അയാളുടെ കോട്ടും സ്യുട്ടും പരസ്യ വാചകവും അല്പത്തരമാണെന്നു കരുതി പോന്ന തങ്ങളുടെ തന്നെ ഭൂതകാലത്തെ കുറ്റബോധത്തോടെ വിചാരണ ചെയ്തത് എന്തിനായിരുന്നു ?
ദുരന്തമായി നിറം കെട്ടു മങ്ങി മരവിച്ചു കപ്പൽച്ചേതത്തിൽ മുങ്ങി മരിച്ച നാവികനായിരുന്നില്ല നമുക്ക് അറ്റ്‌ലസ് രാമചന്ദ്രൻ. വീണ്ടും അയാൾ ജീവിതത്തിന്റെയും നേട്ടങ്ങളുടെയും സ്റ്റീയറിങ് തിരിക്കുമെന്നും അസാമാന്യമായ കരുത്തോടെ, വിധിയെ വിസ്മയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ ഉയർത്തെഴുന്നേൽക്കും എന്നും ആഗ്രഹിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കം.
അങ്ങനെ നോക്കുമ്പോൾ, അറ്റ്‌ലസ് രാമചന്ദ്രൻ്റെ ജീവിതം – അതിന്റെ ഒരിറക്കങ്ങളിലും ദുരന്തമായിരുന്നില്ല. കാരണം അയാൾ നിസ്വാർത്ഥമായി സ്നേഹിക്കപെട്ട മനുഷ്യനായിരുന്നു. എത്രയോ പേരുടെ പ്രാർഥനകളിൽ അദ്ദേഹത്തിൻ്റെ വിടുതി നിരന്തരം ആവർത്തിച്ചു. അയാളുടെ വീണ്ടെടുപ്പ് എത്രയോ മനുഷ്യരുടെ സ്വകാര്യമായ അഭിലാഷമായിരുന്നു.
അദ്ദേഹം മരിച്ചപ്പോൾ കുറേ കൂടി കാരുണ്യം ജീവിതത്തിനു ആ പാവം മനുഷ്യന് മേൽ ചൊരിയാമായിരുന്നു എന്ന് നമ്മൾ പരാതിപ്പെട്ടു. നമ്മുടെ മനുഷ്യൻ എന്ന ഇമ്പം മരണാനന്തരവും ആ മനുഷ്യനെ പ്രതി നമ്മൾ പുലർത്തുന്നത് എന്തിന് ?
ആവോളം സ്നേഹിക്കപ്പെട്ടതിൻ്റെ നിറവുള്ള ഒരു ജീവിതം ദുരന്തമാകുന്നത് എങ്ങനെയാണ്?
****
അദ്ദേഹം ജയിലിൽ കിടക്കുന്ന കാലത്ത് ഞാൻ ഇടയ്ക്ക് ഓർത്തിരുന്നത്, അദ്ദേഹത്തിൻ്റെ തിളക്കമുള്ള. ആകർഷകമായ വസ്ത്രങ്ങളെ പറ്റിയാണ്.
(ജയിലുടുപ്പിട്ട തന്നെ ഓർക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ആ വേഷത്തിൽ ആരും കാണാൻ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.) ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണ് എങ്കിൽ പിന്നെയും ഇങ്ങനെ തിളക്കമുള്ള ഉടുപ്പുകളിട്ട അറ്റ്ലസ് രാമചന്ദ്രനെ കാണാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അത്തരം വേഷങ്ങളിൽ തനിക്ക് വലിയ ആത്മവിശ്വാസം തോന്നും എന്ന് പഴയ അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞതിന്റെ ഓർമ്മയുമുണ്ട്.
വർഷം 4000 കോടി രൂപ വിറ്റു വരവുള്ള ഒരു ബിസിനസ് സാമ്രാജ്യം തകർന്നു തരിപ്പണമായ – ലോകമെമ്പാടും ഉണ്ടായിരുന്ന 50 സ്വർണാഭരണ ശാലകൾ നഷ്ടപെട്ട – 3 വർഷം ജയിലിൽ കിടന്ന അയാൾ പക്ഷെ മടങ്ങി വന്നത് പഴയതിലും തിളക്കമുള്ള ഉടുപ്പുകളിട്ടു കൊണ്ടായിരുന്നു. ആ ഉടുപ്പുകളുടെ ആത്മവിശ്വാസം ആ മനുഷ്ൻ്റെ വാക്കുകളിലുമുണ്ടായിരുന്നു.
തകർന്നേടത്ത് കിടന്നു മരിച്ചു പോയില്ല അദ്ദേഹം. വീണ്ടും തിരിച്ചു വരുന്നതിനെ പറ്റി മാത്രം അഭിമുഖങ്ങളിൽ പറഞ്ഞു. കഴിഞ്ഞതെല്ലാം പുതിയ പാഠങ്ങൾ തന്നു എന്ന് ചെറു ചിരിയോടെ സ്വയം ബോധ്യപ്പെടുത്തി. അതേ തെളിമയുള്ള ഉടുപ്പുകളിട്ട് , ഷൂസും കോട്ടും ടൈയുമിട്ട്, വർഷങ്ങൾക്ക് മുൻപത്തെ അതേ പുഞ്ചിരിയോടെ ചാനലുകളിൽ ഇൻ്റർവ്യൂവിനു ഇരിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രനെ കേൾക്കുമ്പോൾ – കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്; ജീവിതത്തിൻ്റെ കുരുതിക്കളത്തിൽ ആയുധം പൊയ്‌പോയാലും തോറ്റു മടങ്ങാൻ തയ്യാറാകാത്ത വീറുണ്ട് ആ മനുഷ്യനെന്ന്. അല്ലെങ്കിൽ എന്നേ അയാൾക്ക് ആത്മഹത്യ ചെയ്യാമായിരുന്നു. പുറം ലോകത്ത് നിന്ന് വാതിലടച്ചു ഒളിച്ചിരിക്കാമായിരുന്നു. സുന്ദരൻ പൈജാമയിൽ, വടിവൊത്ത സ്യൂട്ടിൽ ആത്മവിശ്വസത്തോടെ മൂന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം എല്ലാം നഷ്ടപ്പെട്ടു മടങ്ങി വന്നിട്ടും അദ്ദേഹം പറഞ്ഞു. ” ജീവിതം നിമ്നോന്നതങ്ങളുടേതാണ്. ഒരു കയറ്റത്തിന് ഒരിറക്കമുണ്ട്. ഒരിറക്കത്തിന് പിന്നാലെ ഒരു കയറ്റവും”
” സന്തോഷം മാത്രമല്ല, സങ്കടങ്ങളും അവസാനം ഇല്ലാത്തത് അല്ലെല്ലോ ” എന്ന സാക്ഷാൽ ഷെഹ്റ സാദിൻ്റെ ചോദ്യമാണ് എനിക്ക് അന്നേരം ഓർമ്മ വന്നത്. ആ മനുഷ്യൻ്റെ ജീവിതമാണോ ദുരന്തമാകുന്നത് ?
***
‘എല്ലാവരും പോയിട്ടും എൻ്റെ ഇന്ദു മാത്രം എന്നെ വിട്ടു പോയില്ല. ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന്റെ കാരണം എൻ്റെ ഇന്ദുവാണ്. ഈ ജീവിതത്തിനും തിരിച്ചു വരവിനും മുഴുവൻ കടപ്പാടും ഇന്ദുവിനോട് മാത്രമാണ്.’ എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം ഭാര്യയെ പറ്റി പറയുന്നുണ്ട്.
സ്വന്തമായി ചെക്ക് എഴുതി ഒപ്പിടാൻ പോലും അറിയാതിരുന്ന ഒരു സാധാരണ വീട്ടമ്മയായ ഇന്ദു താൻ ജയിലിൽ കിടന്ന കാലത്ത്, ബാങ്കുകാരുടെയും കടക്കാരുടെയും തൊഴിലാളികളുടെയും നിരന്തരമായ ബുദ്ധിമുട്ടികലുകളെ, ലോകത്തിൻ്റെ പരിഹാസത്തെ, അപമാനങ്ങളെ, ഒക്കെ നേരിട്ട്, തൻ്റെ ശേഷിക്കുന്ന സ്വത്തുക്കളെല്ലാം വിറ്റു തന്നെ പുറത്തിറക്കുന്നത് വരെ ജീവിച്ച പോരാട്ടജീവിതത്തെ പറ്റി എത്രയോ വട്ടം അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരിക്കുന്നു.
” പെട്ടെന്ന് എല്ലാ മനുഷ്യരും അപ്രത്യക്ഷരായി, എന്നിട്ടും ഇന്ദു മാത്രം ഒപ്പമുണ്ടാകും എന്ന് അപ്പോഴും ഉറപ്പുണ്ടായിരുന്നു ” എന്ന് അദ്ദേഹം വിശ്രാന്തിയോടെ പറയുന്നുണ്ട്. അത്ര മിടുക്കിയായ- സ്നേഹസമ്പന്നനായ ഒരു പങ്കാളിയുടെ സഹനവും മിടുക്കുമാണ് താൻ ജീവിച്ചിരിക്കാൻ കാരണം എന്ന് അഭിമാനപ്പെടുന്നുമുണ്ട് .
ഏതിരുട്ടിലും ഇട്ടിട്ടു പോകാത്ത ഒരു സ്ത്രീയുടെ മറുപാതിയാണ് താൻ എന്ന അഭിമാനത്തോടെയാണ് അദ്ദേഹം അവസാന നിമിഷം വരെയും ജീവിച്ചത്.
ലോകം മുഴുവൻ കൈവിടുമ്പോഴും ചേർത്ത് പിടിക്കുന്ന ഒരാൾ – ലോകം മുഴുവൻ പുറത്താക്കുമ്പോഴും അഭയമരുളുന്ന ഒരാൾ ഉണ്ടാവുക. ഇതിനേക്കാൾ വലിയ സുകൃതമെന്താണ് ഒരാൾക്ക് ഈ ജീവിതത്തിൽ ? അയാളുടെ ജീവിതത്തെയാണോ ദുരന്തമെന്നു പുറം കാഴ്ച്ചക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നത്..?
***
ബാങ്കുകാർ കുറച്ചു കൂടി സമയം കൊടുത്തിരുന്നു എങ്കിൽ അദ്ദേഹം സാമ്പത്തികമായി തകർന്നു പോകില്ലായിരുന്നു.
ബാങ്കുകാർ മാത്രമല്ല, ജീവിതവും അറ്റ്‌ലസ് രാമചന്ദ്രന് സമയം കൊടുത്തില്ല. കുറേ കൂടി സമയം കൊടുത്തിരുന്നെങ്കിൽ മഹാത്ഭുതങ്ങൾ സാധ്യമാണ് എന്ന് ജീവിതത്തിന്റെ മുഖത്ത് നോക്കി ഉറപ്പായും അയാൾ പറഞ്ഞേനെ.
എങ്കിലും ജീവിതം നല്കാൻ മടിച്ചതൊക്കെയും ജീവിച്ചു ജീവിതത്തോട് നിർഭയം ചോദിച്ചു വാങ്ങാൻ ഒരുങ്ങിയ, ടീച്ചർ തോൽപ്പിക്കാൻ ആവതു ശ്രമിച്ചിട്ടും തോൽക്കാൻ മടിയുള്ള കുട്ടിയുടെ ഉയർന്ന ശിരസോടെയാണ് അദ്ദേഹം യാത്രയാവുന്നത്. ജീവിതം അയാളോട് ഒരല്പവും അൻപും കനിവും കാട്ടിയില്ല.
എങ്കിലും ജീവിതത്തോട് പരാതിയില്ലാതെ, പറ്റിച്ചവരോട് പരിഭവമില്ലാതെ, ആരൊക്കെ ദുരിതകാലത്തു കൂടെ നിന്നു എന്ന ചോദ്യത്തിന് – എന്റെ ഇന്ദു മാത്രം – എനിക്ക് അത് മതി എന്ന് ഹർഷത്തോടെ പറയുന്ന അറ്റ്ലസ് രാമചന്ദ്രൻ തെളിച്ചമുള്ള – ഉള്ളിൽ ജ്വലനശേഷി കെട്ടു പോകാത്ത ഒരു അസാമാന്യ മനുഷ്യനായിരുന്നു. തന്റെ ലോകം മുഴുവൻ മാറിയിട്ടും, സ്നേഹിച്ച മനുഷ്യർ അപ്രത്യക്ഷരായിട്ടും അയാൾക്ക് തരിമ്പും മാറ്റമുണ്ടായില്ല. മാറിയ ലോകത്തിൻ്റെ വിപരീതം പോലെ അദ്ദേഹം ജീവിച്ചു. അങ്ങനെ ക്രൂരമായ ലോകത്തെ – തന്നെ ചതിച്ച മനുഷ്യരെ അദ്ദേഹം ജയിച്ചു.
അദ്ദേഹത്തിൻ്റെ ചിരി, രസമുള്ള വർത്തമാനം, മഹിമയുറ്റ ആത്മവിശ്വാസം ഇതൊന്നും ചോർത്തി കളയാൻ ജീവിതത്തിനു പോലും കഴിഞ്ഞില്ല.
തോറ്റ മനുഷ്യനായിരുന്നില്ല. ദുരന്തമോ പ്രഹസനമോ ആയിരുന്നില്ല. തോറ്റു പോകുന്ന കോടി മനുഷ്യരിൽ ആത്മവിശ്വാസത്തിൻ്റെ നിലാവെളിച്ചം കത്തിച്ചു വച്ചാണ് അദ്ദേഹം മടങ്ങിയത്. ടോൾസ്റ്റോയിയുടെ കഥാപാത്രത്തെ പോലെ, തലയ്ക്ക് മുന്നിൽ തീവണ്ടി- മരണം തന്നെ വന്നു നിൽക്കുമ്പോഴും തല ഉയർത്തി നോക്കി, ജീവിതത്തോട് പിന്നെയും എന്തോ പറയാൻ ഒരുങ്ങി, ഒന്ന് കൂടി കുതറി നോക്കി.. തോൽക്കാൻ മനസ്സില്ലാതെ…