മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന ‘വിവാദ ബിന്ദുക്കള്‍’ വായിക്കാന്‍
എസ് ജീവന്‍കുമാര്‍
1984 ഒക്ടോബർ 31 രാവിലെ 9.30.
പശ്ചിമ ബംഗാളിലെ മേദിനിപ്പൂർ ജില്ലയിലെ കാന്തി എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി രാജീവ് ഗാന്ധി പ്രസംഗിച്ച് കൊണ്ട് നിൽക്കുമ്പോൾ ആണ്
അതേ വേദിയിൽ ഉണ്ടായിരുന്ന കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖർജിയുടെ കൈയ്യിലേക്ക് അദ്ദേഹത്തിൻ്റെ PA ഒരു ചെറിയ കുറിപ്പ് നൽകിയത് ,ദില്ലിയിൽ നിന്നൊരു പോലീസ് വയർലെസ് മെസേജ് കേട്ടെഴുതിയ കുറിപ്പിൻ്റെ രത്നച്ചുരുക്കം ഇതായിരുന്നു
‘ lndira Gandhi assaulted. Return to Delhi immediately.’
ഒരു നിമിഷം തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ആ കടലാസ് കഷ്ണത്തിലേക്ക് നോക്കിയ മുഖർജിക്ക് ഭൂമി തലകീഴായി മറിയുന്നത് പോലെ തോന്നി .ഒരു നിമിഷത്തിനകം ശ്വാസം വീണ്ടെടുത്ത മുഖർജി ,ഉടൻ പ്രസംഗം നിർത്താൻ ഒരു കുറിപ്പ് എഴുതി രാജീവ് ഗാന്ധിയെ ഏൽപ്പിച്ചു . തൻ്റെ സീറ്റിൽ വന്നിരുന്ന രാജീവ് ഗാന്ധിയോട് ഉടൻ നമ്മുക്ക് ദില്ലിക്ക് പോകണം എന്ന് മാത്രം പറഞ്ഞു .
കേന്ദ്ര റെയിൽവേ മന്ത്രി ഖനി ഗാൻ ചൗധരിയുടെ മെഴ്സിഡസ് ബെൻസ് കാറിൽ ഉണ്ടായിരുന്ന ട്രാൻസിസ്റ്റർ റേഡിയോയിലെ BBC ന്യൂസിൽ നിന്നാണ് ഇന്ദിരക്ക് വെടിയേറ്റ കാര്യം രാജീവ് ഗാന്ധി അറിയുന്നത് . ഘരക്ക്പൂരിനടുത്തുള്ള കലായ്കുണ്ട എയർ ഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യയുടെ ‘ഭാവി പ്രധാനമന്ത്രിക്ക്’ ദില്ലിക്ക് പറക്കാൻ ഉള്ള വിമാനം വ്യോമസേന ഉദ്യോഗസ്ഥർ അപ്പോൾ തയ്യാറാക്കി നിർത്തിയിരിക്കുകയായിരുന്നു .
രാജീവ് ഗാന്ധിയെ കൂടാതെ കൽക്കട്ടയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ ഉണ്ടായിരുന്നത് ഇവരാണ് പ്രണബ് മുഖർജി , ബംഗാൾ ഗവർണർ ഉമാശങ്കർ ദീക്ഷിത് മരുമകൾ ഷീലാ ദീക്ഷിത് , കേന്ദ്ര റെയിൽവേ മന്ത്രി ഗാനി ഖാൻ ചൗധരി , ലോകസഭാ സ്പീക്കർ ബൽറാം ജാക്കർ , രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശാന്തി ലാൽ യാദവ് വിമാനം ദില്ലിലെ പാലം എയർപോർട്ട് ലക്ഷമാക്കി പറന്നുയർന്നതിന് പിന്നാലെ കോക്ക്പിറ്റിലേക്ക് പോയ രാജീവ് ഗാന്ധി ഏതാനും മിനിറ്റുകൾക്ക് അകം മടങ്ങിയെത്തി .. പരിക്ഷീണിതനായ ശബ്ദത്തിൽ ഇത്ര മാത്രം പറഞ്ഞ് സീറ്റിലേക്ക് ഇരുന്നു
‘She died ‘ ….
ഏതാനും നിമിഷത്തെ നിശബ്ദതയെ ഭേദിച്ച് ആരോ സംസാരിച്ച് തുടങ്ങി ” what will be next !!
ആ ചോദ്യത്തിന് മറുപടി നൽകിയത് പ്രണബ് മുഖർജിയാണ്. നെഹ്റു മരിച്ചപ്പോഴും ,ശാസ്ത്രി താഷ്ക്കൻഡിൽ വെച്ച് മരണപ്പെട്ടപ്പോഴും ഇടക്കാല പ്രധാനമന്ത്രിയായത് മന്ത്രിസഭയിലെ സീനിയർ ആയിരുന്ന ഗുൽസാരി ലാൽ നന്ദയായിരുന്നു എന്ന് പ്രണബ് ഓർമ്മപ്പെടുത്തി.
ഇന്ദിരാ മന്ത്രിസഭയിൽ അപ്പോൾ ആരായിരുന്നു സീനിയർ എന്ന ചോദ്യം ആലോചനാമൃതമാണ്.
വെടിയേറ്റ് കൊല്ലപ്പെട്ട സ്വന്തം അമ്മയെ കാണാൻ മകൻ യാത്ര ചെയ്യുന്ന ആ അന്തരീക്ഷത്തിൽ രാജീവ് ഗാന്ധിയുടെ ചെവിക്കരിൽ എത്തി നിങ്ങൾ ഉടൻ ഇന്ത്യൻ പ്രധാനമന്ത്രിയാകണം എന്ന് താൻ ആണ് അഭ്യർത്ഥിക്കുന്നത് എന്ന് തെല്ല് അഭിമാനത്തോടെ പ്രണാബ് മുഖർജി തൻ്റെ ആത്മകഥയായ Turbulent Years: 1980-96 എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
വേദനാജനകമായ ആ സാഹചര്യത്തിൽ രാജീവ് ഗാന്ധി ആശ്ചര്യത്തോടെ നൽകിയ മറുപടിയും ആ പുസ്കത്തിൽ ഉണ്ട് അദ്ദേഹത്തിൻ്റെ മറുപടി ഇതായിരുന്നത്ര
Do you think I can manage????? !!!
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ ഇന്ദിരാഗാന്ധിജിയുടെ മരണവാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കരുതെന്ന് കോക്ക്പിറ്റിലെ വയർലെസ് വഴി ഡൽഹിയിലേക്ക് സന്ദേശം നൽകണമെന്ന് താൻ രാജീവിനോട് ആവശ്യപ്പെട്ടു എന്നും കൂടി പ്രണബ് മുഖർജി പുസ്തകത്തിൽ തുടർന്ന് വിശദീകരിക്കുന്നു.
(ഈ ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ ഇന്ദിരയുടെ ശരീരത്തിലെ ചൂട് പരിപൂർണമായും മാറി കാണാൻ സാധ്യതയില്ല )
മേഘപാളികളെ കീറി മുറിച്ച് ദില്ലിക്ക് പറക്കുകകയായിരുന്ന ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിനുള്ളിൽ കോൺഗ്രസ് നേതാക്കൾ ഭാവി പ്രധാനമന്ത്രിക്കായുള്ള ചർച്ചകൾ ആരംഭിക്കുമ്പോൾ അങ്ങകലെ ദില്ലിയിലെ ആൾ ഇന്ത്യ മെഡിക്കൽ ഇൻസിസ്റ്റ്യൂട്ടിലെ മോർച്ചറി മുറിയിലേക്ക് പോലും പ്രധാനമന്ത്രി ഇന്ദിരയുടെ മൃതദേഹം മാറ്റിയിരുന്നില്ല എന്നതാണ് വിരോധാഭാസം !!
3.30 ന് എയിംസിൽ എത്തിയപ്പോൾ ആണ് പ്രിൻസിപ്പൾ സെക്രട്ടരി PC അലസാണ്ടർ മറ്റൊരു ആശങ്ക മുഖർജിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് . കോൺഗ്രസ് CLP ലീഡറെ തിരഞ്ഞെടുക്കണമെങ്കിൽ കോൺഗ്രസ് എം പിമാരുടെ യോഗം ചേരണം തുടർന്ന് രാജീവ് ഗാന്ധിയെ പാർലമെൻററി പാർട്ടി നേതാവ് ആയി തിരഞ്ഞെടുക്കണം .അതില്ലാതെ ഏകപക്ഷീയമായി പുതിയ ഒരാൾ പ്രധാനമന്ത്രി പദം ആവര്യപ്പെട്ടാൽ അതൊരു തെറ്റായ കീഴ്വഴക്കം ആവില്ലേ എന്ന് ആശങ്ക രേഖപ്പെടുത്തി.അതിന് മറുപടി നൽകിയത് മുഖർജി ആണ് നമ്മുക്ക് ആദ്യം കോൺഗ്രസ് പാർലമെൻററി ബോർഡ് ചേരാം. അതാണല്ലോ ഏറ്റവും ഉന്നതമായ പാർട്ടി ബോഡി . തുടർന്ന് റാക്റ്റിഫൈ ചെയ്യാം. അലസാണ്ടർ ആശ്ര ങ്കയോടെ ചോദിച്ചു , അമ്മ മരിച്ച് കിടക്കുന്ന ഘട്ടത്തിൽ രാജീവ് അതിന് തയ്യാറാകുമോ ???!!
yes അയാൾ സമ്മതിച്ചു !!.! മുഖർജി മറുപടി നൽകി.
4 മണിയോടെ അകബർ റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രണാബ് മുഖർജിയെ കാത്ത് കോൺഗ്രസ് പാർലമെൻററി ബോർഡ് അംഗമായ ആയ പി.വി നരസിംഹറാവു GK മൂപ്പനാരും കാത്തിരിക്കുന്നുണ്ടായിരുന്നു. കമ്മറ്റി കൂടി ഇന്ത്യൻ പ്രസിഡൻ്റിനുള്ള കത്ത് തയ്യാറാക്കാം എന്ന് വിചാരിച്ചപ്പോൾ ആണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്.
ഏഴ് അംഗങ്ങൾ ഉള്ള കോൺഗ്രസ് പാർലമെൻററി ബോർഡ് അധ്യക്ഷ ശ്രീമതി ഗാന്ധിയായിരുന്നു . അവർ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മറ്റ് രണ്ട് അംഗങ്ങൾ ആയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആയ മരതഗം ചന്ദ്രശേഖറും , കമലാനാഥ് ത്രിപാടിയും സ്ഥലത്ത് ഇല്ല. ഒരു സീറ്റ് വേക്കൻസി ആണ് . ക്വാറം തികയ്ക്കാൻ ഭൂരിപക്ഷം ഇല്ലാത്ത പാർലമെൻററി ബോർഡിന് വേണ്ടി മുഖർജിയുടെ നിർദ്ദേശ പ്രകാരം RK ധവാൻ രാഷ്ട്രപതിക്ക് ഉള്ള കോൺഗ്രസ് പാർട്ടിയുടെ കത്ത് തയ്യാറാക്കി സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ജി.കെ മൂപ്പനാരുടെ പേരിലാണ് കത്ത് തയ്യാറാക്കിയത്
31 October 1984
Dear Rashtrapathiji,
The Central Parliamentary Board of All India Congress Committee (I) has nominated Shri Rajiv Gandhi as Leader of the Congress Party in Parliament. You are therefore requested to invite Shri Rajiv Gandhi to form the Government.
With Regards,
Yours sincerely,
G.K. Moopanar
ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഉള്ള ചാണക്യ നീക്കങ്ങൾ ഒന്നാം അക്ബർ റോഡിലെ വസതിയിൽ അരങ്ങേറുമ്പോൾ ഇന്ത്യൻ പ്രസിഡൻറ് ഗ്യാനി സെയിൽ സിംഗ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനത്തിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം .വിമാനത്താവളത്തിൽ വെച്ച് കോൺഗ്രസ് എം പി അരുൺ നെഹ്റു പറഞ്ഞാണ് രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ പോകുന്നു എന്ന കാര്യം രാഷ്ട്രപതി സെയിൽസിംഗ് അറിയുന്നത്.
എയിംസിൽ എത്തി ശ്രീമതി ഗാന്ധിയുടെ മൃതദേഹം കണ്ട ശേഷം രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ട സെയിൽ സിംഗിനൊപ്പം അതേ കാറിൽ ശ്രീമതി ഗാന്ധിയുടെ മൂത്ത മകനും എംപിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ രാജീവ് ഗാന്ധിയും ഉണ്ടായിരുന്നു !!!!
മോർച്ചറി മുറിയിൽ നിന്നും രാഷ്ട്രപതി ഭവനിലേക്കുള്ള 13 കിലോ മീറ്റർ ദൂരത്തിനപ്പുറത്ത് രാജീവ് യുഗത്തിൻ്റെ അരിയിട്ട് വാഴ്ച്ചക്കായി കോൺഗ്രസ് നേതാക്കൾ അക്ഷമരായി കാത്ത് നിന്നു.
എന്നോടൊപ്പം നരസിംഹറാവുവും ,പ്രണബ്ദായും ,ശിവശങ്കറും സത്യപ്രതിജ്ഞ ചെയ്യാം എന്ന നിർദ്ദേശം രാജീവ് മുന്നോട്ട് വെച്ചു എന്നും എന്നാൽ സിഖ് വംശജൻ ആയ ബൂട്ടാ സിംഗിനെ കൂടി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചാൽ സിഖ് സെൻ്ററിമെൻസിനെ നമ്മുക്ക് കൂടെ നിർത്താം എന്ന് താൻ പറഞ്ഞു ,രാജീവ് ഗാന്ധി അതും അംഗീകരിച്ചു.
വൈകിട്ട് 6.45 ന് അശോകാഹാളിലെ മുറിയിൽ വെച്ച് ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി സത്യവാചകം ചൊല്ലി . തൻ്റെ മുത്തശ്ചനും ,അമ്മയും പല തവണ ഏറ്റുചൊല്ലിയ സത്യവാചകം രാജീവ് ഗാന്ധി നിർവികാരതയോടെ വായിച്ച് അവസാനിപ്പിച്ചു .
അപ്പോൾ AlMSലെ മോർച്ചറി മുറിയിൽ സൂക്ഷിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തിലെ അവസാനത്തെ ചൂടും തീർന്ന് മരവിപ്പിലേക്ക് കടന്ന് കാണണം !!!
ആ സത്യപ്രതിജ്ഞക്കും ,പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനും ശേഷം രാഷ്ട്രപതി ഭവൻ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതക വിവരം ആൾ ഇന്ത്യാ റേഡിയോവഴി രാജ്യത്തെ അറിയിച്ചു .ദൂരദർശൻ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത വൈസ് പ്രസിഡൻ്റ് R വെങ്കിട്ടരാമൻ രാജ്യത്തിൻ്റെ പുതിയ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധിയെ . തിരഞ്ഞെടുത്തതായി ലോകത്തെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന ചില ‘വിവാദ ബിന്ദുക്കളെ ‘ അൽപ്പം ചരിത്രം ഓർമ്മിപ്പിച്ചു എന്നേ ഉള്ളു