“അധ്യാപകരായ ഞങ്ങളും സംഘടനാപ്രവർത്തനത്തിൻ്റെ രാഷ്ട്രീയം പഠിച്ചത് കോടിയേരി ബാലകൃഷ്ണനിൽ നിന്നാണ്. അത്രയ്ക്ക് അസൂയയോടെ ആ വിദ്യാർത്ഥിയുടെ രാഷ്ട്രീയപ്രവർത്തന ജീവിതം ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്”.
മാഹി കോളജിൽ കോടിയേരി ബാലകൃഷ്ണൻ്റെ അധ്യാപകനായിരുന്ന എൻ യതീന്ദ്രൻ മാസ്റ്ററാണ് അന്നത്തെ അസൂയ പങ്കുവെച്ചത്. ഏതാണ്ട് സമപ്രായക്കാരായിരുന്നു ആദ്യബാച്ചിലെ അധ്യാപകരും വിദ്യാർത്ഥികളും. അടുത്തൊന്നും കോളജില്ലാത്തതുകൊണ്ട് നല്ല മാർക്കുണ്ടായിട്ടും ഉപരിപഠനം വഴി മുട്ടി നിന്ന ധാരാളം കുട്ടികൾക്ക് മാഹിയിൽ കോളജ് തുടങ്ങിയപ്പോൾ ആദ്യബാച്ചിൽ അഡ്മിഷൻ കിട്ടി. അവരിലേറെയും മലബാർ മേഖലയിൽ നിന്നുള്ളവരായിരുന്നു. ആ കുട്ടികളുടെ സാമൂഹ്യരാഷ്ട്രീയ ബോധം അധ്യാപകരിലും രാഷ്ട്രീയമായ ഉണർവുണ്ടാക്കി.
പ്രകോപനങ്ങളുണ്ടാക്കുകയോ പ്രകോപനങ്ങൾക്ക് വശംവദനാവുകയോ ചെയ്യുന്ന രീതിയായിരുന്നില്ല കോടിയേരിയുടേത് എന്ന് യതീന്ദ്രൻ മാഷ് ഓർക്കുന്നു. ആവശ്യങ്ങളിൽ നിന്ന് അണുവിട പിന്നോട്ടു മാറില്ല. പക്ഷേ, കാര്യം നേടുന്നതിന് അത്രയെളുപ്പം അനുകരിക്കാൻ കഴിയാത്ത സവിശേഷമായ ഒരു പ്രവർത്തനശൈലി കോടിയേരിയ്ക്കുണ്ടായിരുന്നു. അധികം പേരിൽ അതു കണ്ടിട്ടില്ല.
2015ലെ ആദ്യബാച്ചിൻ്റെ പുനഃസമാഗമത്തിൽ സംബന്ധിച്ചപ്പോഴും മാസ്റ്റർക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു.41 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച് തലശേരിയ്ക്കടുത്ത് ചൊക്ലി നെടുമ്പ്രത്ത് വിശ്രമജീവിതം നയിക്കുന്ന യതീന്ദ്രൻ മാസ്റ്ററുടെ മനസിൽ ഇപ്പോഴും കോടിയേരിയെന്ന വിദ്യാർത്ഥി തിളക്കമുള്ള ഓർമ്മയാണ്. അധ്യാപകരെയടക്കം സംഘടനാപ്രവർത്തനം പഠിപ്പിച്ച, അവരിലേയ്ക്ക് രാഷ്ട്രീയ ബോധത്തിൻ്റെ തീപടർത്തിയ നേതാവ്.
വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മഹിമയുറ്റ പ്രസാദാത്മകതയാണ് കോടിയേരി; സുനിൽ പി ഇളയിടം