അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഇടതു രാഷ്ട്രീയ ചിന്തകൻ സുനിൽ പി ഇളയിടം. രാഷ്ട്രീയവും വ്യക്തിപരവുമായ വലിയ പ്രയാസങ്ങൾക്കു നടുവിലൂടെയാണ് സഖാവ് പ്രസ്ഥാനത്തെ നയിച്ചത്. അതൊന്നും ധീരവും സൗമ്യവുമായ ആ ജീവിതത്തെ ഉലച്ചില്ലെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. രാഷ്ട്രീയ നിലപാടുകൾ എപ്പോഴും കണിശമായി തന്നെ പറഞ്ഞ കോടിയേരി വലിയ വിക്ഷോഭങ്ങൾക്കു നടുവിൽ ഉറപ്പോടെ നിന്നു. അപ്പോഴൊന്നും ആഴമേറിയ പ്രസാദാത്മകത കൈവിട്ടില്ല. വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മഹിമയുറ്റ പ്രസാദാത്മകതയാണ് കോടിയേരിയെന്നും സുനിൽ പി ഇളയിടം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് സഖാവ് കൊടിയേരിയുമായുള്ള ബന്ധം ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.
കുറിപ്പിൻ്റെ പൂർണരൂപം
സർവകലാശാലയിലെ എൻ്റെ ഓഫീസ് ഹൈന്ദവ വർഗ്ഗീയവാദികൾ കയ്യേറിയതിൻ്റെ പിറ്റേന്നു രാവിലെ കോടിയേരി സഖാവ് വിളിച്ചു. പലപ്പോഴും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സഖാവിൻ്റെ നമ്പർ അപ്പോൾ എൻ്റെ പക്കലുണ്ടായിരുന്നില്ല.
“കോടിയേരിയാണ്”
സഖാവ് സൗമ്യമായി പറഞ്ഞു.
” മാഷ് പ്രയാസപ്പെടണ്ട. പ്രസ്ഥാനം കൂടെയുണ്ട് ”
ശാന്തമായ ശബ്ദം .
അത് ദൃഢവുമായിരുന്നു.
” എങ്ങനെയാണ് യാത്രകളെല്ലാം? തനിച്ചാണോ?”
ദൂരയാത്രകൾ തീവണ്ടിയിലാണെന്ന് ഞാൻ പറഞ്ഞു. മിക്കവാറും തനിച്ചാണെന്നും. തനിച്ചുള്ള രാത്രിയാത്രകൾ ശ്രദ്ധിക്കണമെന്ന് സഖാവ് പറഞ്ഞു. സ്റ്റേഷനിൽ നിന്ന് പരിചയമുള്ള വാഹനങ്ങളിലേ പോകാവൂ എന്ന് നിർദ്ദേശിച്ചു. ആലുവയിൽ അതിനുള്ള ക്രമീകരണം ഉണ്ടാക്കാമെന്നും യോഗസ്ഥലങ്ങളിൽ സഖാക്കളുടെ ശ്രദ്ധയുണ്ടാവുമെന്നും പറഞ്ഞു.
പിന്നെയും അൽപ്പനേരം കൂടി സഖാവ് സംസാരിച്ചു.പൊതുവായ രാഷ്ട്രീയ കാര്യങ്ങളും മറ്റും. ” നേരിട്ടു കാണാം ”
എന്നു പറഞ്ഞു നിർത്തി.
നാലഞ്ചു തവണ സഖാവിനെ പിന്നെയും കണ്ടു.ഒന്നു രണ്ടു വട്ടം ഫോണിലും സംസാരിച്ചു.കാണുമ്പോഴൊക്കെ “സുഖമല്ലേ?”എന്നു ചോദിക്കുമായിരുന്നു. എപ്പോഴും പ്രസന്നമായി ചിരിച്ചു.
എനിക്കു നേരെയുണ്ടായ താരതമ്യേന ചെറിയ ഒരു കടന്നാക്രമണത്തെച്ചൊല്ലി ഇത്രയും ജാഗ്രത കോടിയേരി സഖാവ് പുലർത്തിയത് പിന്നീടാലോചിച്ചപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലയിലും മറ്റുമായി തൊട്ടടുത്തുള്ളവർ പുലർത്തിയതിനേക്കാളും എത്രയോ വലിയ കരുതലായിരുന്നു അത്.
തനിക്കപ്പുറമുള്ളവരെക്കുറിച്ചുള്ള നിത്യമായ കരുതലായിരുന്നു സഖാവിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ ആധാരം .അവരിലേക്ക് പടരുന്ന സ്നേഹം. ഉപചാരങ്ങൾക്കപ്പുറമുള്ള ആഴമേറിയ മൈത്രി.
രാഷ്ട്രീയവും വ്യക്തിപരവുമായ വലിയ പ്രയാസങ്ങൾക്കു നടുവിലൂടെയാണ് സഖാവ് പ്രസ്ഥാനത്തെ നയിച്ചത്. അതൊന്നും ധീരവും സൗമ്യവുമായ ആ ജീവിതത്തെ ഉലച്ചില്ല. രാഷ്ട്രീയ നിലപാടുകൾ എപ്പോഴും കണിശമായി തന്നെ പറഞ്ഞു. വലിയ വിക്ഷോഭങ്ങൾക്കു നടുവിൽ ഉറപ്പോടെ നിന്നു. അപ്പോഴൊന്നും ആഴമേറിയ പ്രസാദാത്മകത കൈവിട്ടില്ല. വേദനിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മഹിമയുറ്റ പ്രസാദാത്മകത.
ചുറ്റുപാടും വിദ്വേഷം തീ പോലെ പടരുന്ന
ഒരു കാലത്ത് അത് എത്രയോ വലിയ രാഷ്ട്രീയ മൂല്യമായിരുന്നു.
പ്രിയ സഖാവേ,
വിട!
ലാൽസലാം !!