കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനൽകാനൊരുങ്ങുകയാണ് മലയാള മണ്ണ്. ഭൗതിക ശരീരം ലോകത്തോട് വിടപറയുന്നുവെങ്കിലും സഖാവ് കോടിയേരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. അവസാനമായി ഒരു നോക്ക് കാണാനും അഭിവാദ്യങ്ങൾ അർപ്പിക്കാനും കണ്ണൂരിലേയ്ക്ക് ജനപ്രവാഹമാണ്. മാടപ്പീടികയിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി.
11 മണി മുതലാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കുന്നത്. സി.പി.എമ്മിൻ്റെ മുതിർന്ന നേതാക്കൾ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ, മറ്റു പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവരെല്ലാവരും തന്നെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേരുന്നുണ്ട്. കോടിയേരിയുടെ ചലനമറ്റ ദേഹത്തിനരികിൽ തന്നെ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെയും തകർന്നു പോകുന്ന നിമിഷങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ ഓരോരുത്തരുടെയും നെഞ്ചിൽ ജീവിക്കുന്നുവെന്നതിന് തെളിവാണ് ഒരു കൊച്ചു കുരുന്നിൻ്റെ ചിത്രം. അവസാനമായി അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തിയതായിരുന്നു കുട്ടി. നെഞ്ചിൽ കോടിയേരിയുടെ ചിത്രവും പതിപ്പിച്ച് ഇടതുകൈയിൽ ചുവന്ന പൂക്കളും പിടിച്ച് വലതു കൈ ഉയർത്തി അവൻ അഭിവാദ്യം വിളിക്കുകയാണ്. കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ എന്ന് കുറിച്ചുകൊണ്ടാണ് പയ്യൻ്റെ ചിത്രം പുറത്ത് വന്നത്.
കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസിലെത്തിച്ചു