ലോകകപ്പ് ഫുട്ബോളിലെ ആദ്യമത്സരത്തിന് അർജന്റീന ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് സി-യിലെ പോരാട്ടത്തിൽ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30-നാണ് മത്സരം. അവസാനം കളിച്ച 36 മത്സരങ്ങളിൽ ടീം തോൽവിയറിഞ്ഞിട്ടില്ല. ഒരു മത്സരത്തിൽക്കൂടി തോൽക്കാതിരുന്നാൽ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പമെത്തും. 27 ജയവും ഒമ്പത് സമനിലയുമാണ് ടീമിനുള്ളത്. 2019 ജൂലായ് ആറിന് ചിലിയെ തോൽപ്പിച്ചാണ് കുതിപ്പാരംഭിക്കുന്നത്. ആ വർഷത്തെ കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ ബ്രസീലിനോടാണ് അവസാനമായി തോറ്റത്.
എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യമാണ് ടീമിൻ്റെ കരുത്ത്. ഡി മരിയയും ലൌതാരോ മാർട്ടിനെസുമെല്ലാം ഫോമിലാണ്. സൗദിയെ ഗോൾ മഴയിൽ മുക്കിയുള്ള വിജയമാണ് ലയോണൽ സ്കലോനിയുടെയും സംഘത്തിൻ്റെയും ലക്ഷ്യം. അതേസമയം അറബ് നാട്ടിലെ മത്സരത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഹെർവ് റെനാദിൻ പരിശീലകനായ സൗദി അറേബ്യ. സലിം അൽദവ്സരി, നായകൻ സൽമാൻ അൽ ഫറാജ്, നവാബ് അൽ ആബിദ് എന്നിവരാണ് പ്രധാന താരങ്ങൾ.