വെല്ലിങ്ടൺ: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനെ 65 റൺസിന് തകർത്ത് ഇന്ത്യ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 18.5 ഓവറിൽ 126 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് നേടിയ ഓൾറൗണ്ടർ ദീപക് ഹൂഡയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചെഹൽ എന്നിവരുമാണ് ന്യൂസീലൻഡ് ബാറ്റിങ് നിരയുടെ നട്ടല്ലൊടിച്ചത്. ഭുവനേശ്വർ കുമാർ, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്. 52 പന്തുകൾ നേരിട്ട വില്യംസൺ രണ്ട് സിക്സും നാല് ഫോറുമടക്കം 61 റൺസെടുത്തു. ഫിൻ അല്ലെൻ (0), ഗ്ലെൻ ഫിലിപ്സ് (12), ഡാരിൽ മിച്ചൽ (10) എന്നിവർക്കാർക്കും തന്നെ തിളങ്ങാനായില്ല. ഡെവോൺ കോൺവെ 22 പന്തിൽ നിന്ന് 25 റൺസ് നേടി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തിൽ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിൻ്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെർഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതിൽ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുൾ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാർ ക്രീസിലേക്ക്. ഇതിനിടെ ഇഷാൻ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാൻ്റെ ഇന്നിംഗ്സ്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തിൽ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാൽ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. 51 പന്തുകൾ നേരിട്ട സൂര്യ ഏഴു സിക്സും 11 ഫോറുകളുമടക്കം 111 റൺസോടെ പുറത്താകാതെ നിന്നു. ദീപക് ഹൂഡയും വാഷിങ്ടൻ സുന്ദറും പൂജ്യരായി മടങ്ങിയപ്പോൾ ഭുവനേശ്വർ കുമാർ പുറത്താകാതെ ഒരു റൺ നേടി. ന്യൂസീലൻഡിനു വേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ലോക്കി ഫെർഗൂസൺ രണ്ടു വിക്കറ്റുകളും ഇഷ് സൗദി ഒരു വിക്കറ്റും നേടി.