വെല്ലിങ്ടൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ന്യൂസീലൻഡ് പര്യടനത്തിന് ഇന്ന് തുടക്കം. വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളാരും ഇല്ലാതെ ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവരക്തവുമായാണ് ഇന്ത്യ കിവീസിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. ഹാർദിക് പാണ്ഡ്യ നായകനായ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്.
ശുഭ്മാൻ ഗിൽ ഇന്ത്യൻ നിരയിൽ അരങ്ങേറ്റം നടത്തിയേക്കാം. ഗില്ലും ഇഷാനും ചേർന്നായിരിക്കും ഓപ്പണിങ്. ഋഷഭ് പന്തിനെയും പരീക്ഷിക്കാൻ സാധ്യതയുണ്ട്. ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശ്രേയസ് അയ്യർ, തുടങ്ങിയവർക്കും പരമ്പര നിർണായകമാണ്. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ബൗളിങ് നിരയിൽ.
ശക്തമായ ടീമിനെയാണ് ന്യൂസീലൻഡ് അണിനിരത്തിയിരിക്കുന്നത്. മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന് ടീമിൽ ഇടം പിടിച്ച ഫിൻ അലനും ഡെവൻ കോൺവേയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ മൂന്നാം നമ്പറിൽ കളിക്കും. ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം എന്നിവരടങ്ങിയ മധ്യനിരയും ലോക്കി ഫെർഗൂസൻ, ആദം മിൽനെ, ടിം സൗത്തി, മിച്ചൽ സാൻ്റ്നർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന ബൗളിംഗ് നിരയും ശക്തമാണ്. ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിച്ചില്ല.