മെൽബൺ: ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കതെതിരെ ഇന്ത്യക്ക് 71 റൺസിൻ്റെ കൂറ്റൻ ജയം. ജയത്തോടെ ഇന്ത്യ സെമിയിൽ പ്രവേശനം ആഘോഷമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റോടെ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബർ 10-ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 17.2 ഓവറിൽ 115 റൺസിന് ഓൾഔട്ടായി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എൽ രാഹുൽ (51), സൂര്യകുമാർ യാദവ് (61) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. സീൻ വില്യംസ് സിംബാബ്വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ രോഹിത്തിന് തിളങ്ങാനായില്ല. 13 പന്തിൽ നിന്ന് 15 റൺസ് മാത്രമായിരുന്നു ക്യാപ്റ്റൻ്റെ സംഭാവന. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ – വിരാട് കോലി സഖ്യം 60 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ 25 പന്തിൽ നിന്ന് 26 റൺസെടുത്ത കോലി സീൻ വില്യംസിനെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടെ 12-ാം ഓവറിൽ പുറത്തായി. തൊട്ടടുത്ത ഓവറിൽ രാഹുലും മടങ്ങി. 35 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിൻ്റെ ഇന്നിംഗ്സ്. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു. എന്നാൽ ഒരറ്റത്ത് സൂര്യകുമാർ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ സ്കോർ ഉയർന്നു. 25 പന്തിൽ പുറത്താവാതെയാണ് താരം 61 റൺസെടുത്തത്. ഇതിൽ നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നു. ഹാർദിക് പാണ്ഡ്യയാണ് (18) പുറത്തായ മറ്റൊരു താരം. അക്സർ പട്ടേൽ (0) പുറത്താവാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് ആദ്യ പന്തിൽ തന്നെ വെസ്ലി മധെവീരെയെ (0) നഷ്ടമായി. ഭുവിയുടെ പന്തിൽ മധെവീരെയെ കോലി പിടികൂടുകയായിരുന്നു. രണ്ടാം ഓവറിൽ റെഗിസ് ചകാബ്വെയും (0) മടങ്ങി. താരത്തെ അർഷ്ദീപ് സിംഗ് കുറ്റി പിഴുത് പുറത്താക്കുകയായിരുന്നു. ഷോൺ വില്ല്യംസ് (11) ഷമിയുടെ പന്തിൽ ഭുവി പിടിച്ച് പുറത്തായപ്പോൾ ക്രെയ്ഫ് എർവിനെ ഹാർദിക് പാണ്ഡ്യ സ്വന്തം ബൗളിംഗിൽ പിടികൂടി. ടോണി മുണ്യോങ്ങ (5) ഷമിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. 5 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്ന സിംബാബ്വെയെ ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും റയാൻ ബേളും ചേർന്നാണ് കരകയറ്റിയത്. 60 റൺസ് കണ്ടെത്തിയ സംഘം സ്പിന്നർമാരെ അനായാസമാണ് നേരിട്ടത്. റാസയുയെ ഹാർദിക് പാണ്ഡ്യയും ബേളിനെ അശ്വിനും പുറത്താക്കിയതോടെ സിംബാബ്വെ തകർന്നടിഞ്ഞു.