കോഴിക്കോട്: പുള്ളാവൂരിലെ ചെറുപുഴയിൽ മെസിയുടേയും നെയ്മറിൻ്റെയും ഭീമൻ കട്ടൌട്ടുകൾ വന്നതിന് പിന്നാലെ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തി. സൂപ്പർ താരത്തിൻ്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ടാണ് പോർചുഗീസ് ആരാധകർ സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കൂട്ടായ്മയായ സി.ആർ.7 പരപ്പൻപൊയിലാണ് ഭീമൻ കട്ടൗട്ടിന് പിന്നിൽ.
കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് പരപ്പൻപൊയിൽ അങ്ങാടിയിൽ രാരോത്ത് ഗവ.ഹൈസ്ക്കൂളിന് സമീപത്തായാണ് ഭീമൻ കട്ടൗട്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉയർത്തിയത്. ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയാണ് വലിയ കട്ടൗട്ട് തലയുയർത്തി നിൽക്കുന്നത്. സ്റ്റിക്കർ, പ്ലൈവുഡ്, പാസ്റ്റർ ഓഫ് പാരീസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് കട്ടൌട്ട് തയ്യാറാക്കിയത്. അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്.