കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് അടുത്ത് നിൽക്കെ രാജ്യാന്തര മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് പുള്ളാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ സ്ഥാപിച്ച സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട്. 30 അടി ഉയരത്തിലുള്ള കൂറ്റൻ കട്ടൗട്ടാണ് പുഴയിൽ ആരാധകർ സ്ഥാപിച്ചിരിക്കുന്നത്. രാജ്യന്തര മാധ്യമങ്ങളിൽ ഇതിനോടകം വാർത്തയായി കഴിഞ്ഞിരിക്കുകയാണ് വെള്ളയും നീലയും നിറത്തിലുള്ള അർജന്റീന ജേഴ്സിയിൽ തലയെടുപ്പോടെ നിൽക്കുന്ന മിശിഹായുടെ കട്ടൗട്ട്. ഇരുപതിനായിരം രൂപയോളമാണ് കട്ടൗട്ടിന് ചെലവായത്.
അർജീന്റീന ഫുട്ബോൾ ടീമിൻ്റെ ഔദ്യോഗിക ട്വിറ്ററിലും കട്ടൗട്ട് ഇടം നേടി കഴിഞ്ഞു. ലോകകപ്പ് നേടാനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് ഇത്തവണ ഖത്തറിൽ ലോക കീരിടം ചൂടികൊണ്ട് വിരാമമിടുമെന്നാണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ പ്രതീക്ഷ. നവംബർ 20നാണ് ഫുട്ബോൾ മാമാങ്കത്തിൻ്റെ കിക്കോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. മെസിയേക്കാൾ വ്യത്യസ്തമായ ഒന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് മറ്റുള്ള ടീമുകളുടെ ആരാധകരും.