സിഡ്‌നി: ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ഓപ്പണർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു. വാന്‍ മീക്കീരന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യക്ക് കെ എല്‍ രഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. മീക്കീരന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്ത് നേരിട്ട രാഹുല്‍ നേടിയത് 9 റണ്‍സ്.
ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 53 റൺസെടുത്തു. നാലു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് രോഹിത്തിൻ്റെ ഇന്നിങ്സ്. രോഹിത് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് മടങ്ങിയത്. പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. മൂന്നാം വിക്കറ്റിൽ കോലിയുമൊത്ത് 73 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹിത് പുറത്തായത്.
രോഹിത് പുറത്തായതോടെ കോലിയും ആക്രമണ മോഡിലെത്തി. 37 പന്തിൽ കോലി ഫിഫ്റ്റി തികച്ചു. വിരാട് കോലി മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ചു. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ ഏഴു ഫോറും ഒരു സിക്സും നേടി. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ നേടിയാണ് സൂര്യ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 95 റൺസാണ് കൂട്ടിച്ചേർത്തത്. നെതർലൻഡ്സിനായി ഫ്രെഡ് ക്ലാസൻ, പോൾ വാൻ മീകരൻ എന്നിവർ നാല് ഓവറിൽ 33 റൺസ് വീതം വഴങ്ങി ഓരോ വിക്കറ്റ് വീഴ്ത്തി.