സിഡ്നി: ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് 56 റൺസിൻ്റെ വിജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്താ ഇന്ത്യ വിരാട് കോലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരുടെ അർധസെഞ്ചറികളുടെ ബലത്തിൽ നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ഓപ്പണർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു. വാൻ മീക്കീരൻ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യക്ക് കെ എൽ രഹുലിൻ്റെ വിക്കറ്റ് നഷ്ടമായി. മീക്കീരൻ്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 12 പന്ത് നേരിട്ട രാഹുൽ നേടിയത് 9 റൺസ്. ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 53 റൺസെടുത്തു. നാലു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് രോഹിത്തിൻ്റെ ഇന്നിങ്സ്. മൂന്നാം വിക്കറ്റിൽ കോലിയുമൊത്ത് 73 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹിത് പുറത്തായത്. വിരാട് കോലി 44 പന്തുകളിൽ 62 റൺസ് നേടി. മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ ഏഴു ഫോറും ഒരു സിക്സും നേടി. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ നേടിയാണ് സൂര്യ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 95 റൺസാണ് കൂട്ടിച്ചേർത്തത്. നെതർലൻഡ്സിനായി ഫ്രെഡ് ക്ലാസൻ, പോൾ വാൻ മീകരൻ എന്നിവർ നാല് ഓവറിൽ 33 റൺസ് വീതം വഴങ്ങി ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ നെതര്‍ലന്‍ഡ്‌സിന് ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. വിക്രംജിത് സിംഗിൻ്റെ (1) കുറ്റി തെറിപ്പിക്കുമ്പോൾ സ്കോർബോർഡിൽ വെറും 11 റൺസ്. അപകടകാരിയായ മാക്സ് ഒഡോവ്ഡിനെ (16) ക്ലീൻ ബൗൾഡാക്കിയ അക്സർ പട്ടേൽ ബാസ് ഡെ ലീഡിനെ (16) ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ആദ്യ പവർ പ്ലേയിൽ 2 വിക്കറ്റിന് 27 റൺസ് മാത്രമേ നെതർലൻഡ്സിന് നേടാനായുള്ളൂ. മാക്‌സ് ഒഡൗഡ് (10 പന്തില്‍ 16), ബാസ് ഡി ലീഡ് (23 പന്തില്‍ 16), കോളിന്‍ അക്കെര്‍മാന്‍ (21 പന്തില്‍ 17), ഷാരിസ് അഹമ്മദ് (11 പന്തില്‍ 16*) എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി ഭേദപ്പെട്ട പ്രകടനം നടത്തി. 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ടിം പിംഗിളാണ് നെതര്‍ലന്‍ഡ്‌സിൻ്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് കളിയിലെ താരം.