ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാർട്ടിൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ആദ്യം ലീഡുയർത്തിയ ശേഷമാണ് മഞ്ഞപ്പട തോൽവിയേറ്റു വാങ്ങിയത്. എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. വിജയത്തോടെ ഒഡിഷ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
അറ്റാക്കിംഗ് ഫുട്ബോൾ പുറത്തെടുത്ത ഇരു ടീമുകൾക്കും കുറച്ചു അവസരങ്ങൾ മാത്രമാണ് ആദ്യ പകുതിയിൽ ലഭിച്ചത്. എട്ടാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് വല കുലുങ്ങിയെങ്കിലും റഫറി ഫൗൾ വിധിച്ചു. 24-ാം മിനുറ്റിൽ ഒഡിഷയുടെ തൊയ്ബ തൊടുത്ത ലോംഗ് റേഞ്ചർ വളരെ പണിപ്പെട്ടാണ് മഞ്ഞപ്പടയുടെ ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റിയത്. 35-ാം മിനുറ്റിൽ ഒഡിഷയുടെ പ്രതിരോധത്തെ ഭേദിച്ച് ഖബ്ര ഹെഡർ എതിർ വല കുലുക്കി. ഇടതുവശത്ത് ലൂണയായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ജെറി ടീമിനായി സമനില ഗോൾ കണ്ടെത്തി. കാർലോസ് ഡെൽഗാഡോയുടെ ഷോട്ട് ഗിൽ തട്ടിയിട്ടെങ്കിലും ഓടിയെത്തിയ ജെറി അതിനെ വലയിലെത്തിച്ചു. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായെത്തിയ പെഡ്രോ മാർട്ടിൻ ലോങ് റേഞ്ച് ഷോട്ടിലൂടെ ഗില്ലിനെ കീഴടക്കി. പ്രതിരോധത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.