മെൽബൺ: ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 160 വിജയലക്ഷ്യം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ അർധ സെഞ്ചുറി നേടിയ ഷാൻ മസൂദിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും കരുത്തിൽ 20 ഓവറിൽ 8 നഷ്ടത്തിൽ 159 റൺസെടുത്തു. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതല്‍ പാകിസ്ഥാന് ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. അർഷ്ദീപ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പാകിസ്താന് ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ അസം (0) വിക്കറ്റിനു മുന്നിൽ കുടുങ്ങി. അർഷ്ദീപിനായിരുന്നു വിക്കറ്റ്. ബാബർ ഡിആർഎസ് എടുത്തെങ്കിലും ഓൺഫീൽഡ് കോൾ നിലനിൽക്കുകയായിരുന്നു. തൻ്റെ രണ്ടാം ഓവറിൽ, ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ റിസ്വാനെയും (4) അർഷ്ദീപ് മടക്കി. ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച റിസ്വാൻ ഡീപ് ഫൈൻ ലെഗിൽ ഭുവിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഷാൻ മസൂദും ഇഫ്തിക്കാർ അഹ്മദും ചേർന്ന് സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സാവധാനം തുടങ്ങിയ ഇഫ്തിക്കാർ അഹ്മദ് അക്സർ പട്ടേൽ എറിഞ്ഞ 12ആം ഓവറിൽ മൂന്ന് സിക്സർ അടക്കം 21 റൺസ് അടിച്ചുകൂട്ടി. ഓവറിലെ അവസാന പന്തിൽ ഇഫ്തിക്കാർ ഫിഫ്റ്റി തികച്ചു. 32 പന്തിലായിരുന്നു ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ഇഫ്തിക്കാർ മടങ്ങി. 13ആം ഓവറിലെ രണ്ടാം ഓവറിൽ മുഹമ്മദ് ഷമി താരത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇഫ്തിഖര്‍- മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന് (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.
അവസാന ഓവറുകളിൽ ബൗണ്ടറി ഷോട്ടുകളുമായി കളം നിറഞ്ഞ ഷാൻ മസൂദ് ആണ് പാക് ഇന്നിംഗ്സ് 150 കടത്തിയത്. 40 പന്തിൽ ഫിഫ്റ്റി തികച്ച മസൂദ് 52 റൺസുമായി പുറത്താവാതെ നിന്നു. അവസാന ഘട്ടത്തിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും (6 നോട്ടൗട്ട്) മികച്ച രീതിയിൽ ബാറ്റ് വീശി. 8 പന്തിൽ 16 റൺസെടുത്ത ഷഹീനെ അവസാന ഓവറിലെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.