ഹൊബാർട്ട്: ടി20 ലോകകപ്പിൽ വമ്പൻമാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് അയർലൻഡ് സൂപ്പർ 12ലേക്ക് കടന്നു. അയർലൻഡിനോട് ഒമ്പത് വിക്കറ്റിൻ്റെ തോൽവിയാണ് വിൻഡീസ് ഏറ്റുവാങ്ങിയത്. തോൽവിയോടെ രണ്ട് തവണ ചാമ്പ്യൻമാരായ വിൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ടോസ് നേടി ബാറ്റിംഗിനെത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ അയർലൻഡ് 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റൻ ആൻഡ്ര്യൂ ബാൽബിർനിയുടെ (23 പന്തിൽ 37) വിക്കറ്റ് മാത്രമാണ് അയർലൻഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റിൽ സ്റ്റിർലിംഗിനൊപ്പം 73 റൺസ് കൂട്ടിചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു ബാൽബിർനിയുടെ ഇന്നിംഗ്സ്. എട്ടാം ഓവറിൽ ക്യാപ്റ്റൻ മടങ്ങിയെങ്കിലും ലോർകാൻ ടക്കറെ (35 പന്തിൽ 45*) കൂട്ടുപിടിച്ച് സ്റ്റിർലിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്റ്റിർലിംഗ് 48 പന്തിൽ 66 റൺസുമായി പുറത്താവാതെ നിന്നു. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിംഗ്സ്. സ്റ്റിർലിംഗ് രണ്ട് സിക്സും ആറ് ഫോറും നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനോടും വിൻഡീസ് തോറ്റിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് വേണ്ടി 48 പന്തുകളിൽ 62 റൺസ് നേടി പുറത്താകാതെ നിന്ന ബ്രാൻഡൺ കിങ്ങിന് മാത്രമാണ് തിളങ്ങാനായത്. ജോൺസൺ ചാൾസ് 24(18), എവിൻ ലൂയിസ് 13(18) നിക്കോളസ് പൂരൻ 13(11) റോവ്മാൻ പവൽ 6(8), കൈൽ മേയേഴ്സ് 1(5) ഒഡെയ്ൻ സ്മിത് 19*(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന. ഗരേത് ഡെലാനി അയർലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാരി മക്കാർത്തി, സിമി സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.