വനിതാ ഏഷ്യാ കപ്പ് ട്വൻറി-20 ക്രിക്കറ്റിൽ കിരീടപ്പോരാട്ടം ഇന്ന്. ഇന്ത്യ-ശ്രീലങ്ക ഫൈനൽ ഉച്ചയ്ക്ക് 1 മണിക്ക് ബംഗ്ലാദേശിലെ സിൽഹട്ട് സ്റ്റേഡിയത്തിൽ നടക്കും. കിരീടം തിരിച്ചു പിടിക്കാൻ ഉറച്ചാണ് വുമൺ ഇന്ത്യ ഇറങ്ങുന്നത്. സെമിയിൽ ഇന്ത്യ 74 റണ്ണിന് തായ്ലൻഡിനെ കീഴടക്കിയാണ് ഫൈനലിൽ കടന്നത്. കഴിഞ്ഞ തവണ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യക്ക് കിരീട നേട്ടം അഭിമാന പ്രശ്നമാണ്. സിംഹള ദ്വീപ്കാരുടെ പോരാട്ടവീര്യത്തെ മറികടക്കാനായാൽ ഹർമനും സംഘത്തിനും ഒരിടവേളക്ക് ശേഷം കപ്പിൽ മുത്തമിടാം. ബാറ്റിംഗിൽ ജെമീമയും ഷെഫാലിയും സ്മൃതി മന്ദാനയും കിടിലൻ ഫോമിലാണ്. 6 മത്സരങ്ങളിൽ നിന്നും 188 റൺസുമായി റൺ നേട്ടക്കാരികളിൽ ഒന്നാമതാണ് ജെമീമ. ബോളിംഗിൽ ഒന്നാമത് ഇന്ത്യയുടെ ദീപ്തി ശർമയാണ്. 6 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളാണ് ദീപ്തിക്കുള്ളത്. സ്വിങ് റാണി രേണുക സിങ് താക്കൂറിൻ്റെ സാന്നിധ്യവും ടീമിന് മേൽക്കൈ നൽകിയിട്ടുണ്ട്. ഏഷ്യാകപ്പിൽ ഇന്ത്യയില്ലാത്ത ഫൈനലുണ്ടായിട്ടില്ല. ഏഴിൽ ആറുതവണയും ജേതാക്കളായി.
അതേസമയം അട്ടിമറി വിജയത്തിലൂടെ ചരിത്രം രചിക്കാൻ ഉറച്ചാണ് ശ്രീലങ്കൻ ടീം ഇറങ്ങുന്നത്. ചാമരി അത്തപ്പത്തുവിൻ്റെ മികച്ച പ്രകടനത്തിലാണ് ടീമിന്റെ കിരീട പ്രതീക്ഷയത്രയും. ഹർഷിത സമരവിക്രമയാണ് ബാറ്റിംഗിലെ പോരാളി. ഇനോക രണവീരയും ഷെഹാനിയുമാണ് ബോളിംഗിന് ചുക്കാൻ പിടിക്കുന്നത്. ഏതായാലും ഏഴാം കിരീട നേട്ടം ലക്ഷ്യമിട്ടെത്തുന്ന ഹർമൻ്റെ സംഘത്തിന് വെല്ലുവിളിയാകാൻ കന്നി കിരീടം മോഹിച്ചെത്തുന്ന ചാമരി അത്തപ്പത്തുവിൻ്റെ സംഘത്തിനാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പാകിസ്താനെ ഒരു റണ്ണിനു തോൽപിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തിയത്.