വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബൗളർമാർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുക്കാനാണ് സാധിച്ചത്. ശ്രീലങ്കയ്ക്ക് ആദ്യ ഒമ്പത് ഓവറിനിടെ തന്നെ ഏഴ് വിക്കറ്റുകൾ നഷ്ടമായി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കണ്ടത്. മൂന്ന് ഓവറിൽ ഒരു മെയിഡിനുൾപ്പടെ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. രാജേശ്വരി ഗയക്വാദും സ്നോഹ റാണയും രണ്ട് വീതം വിക്കറ്റെടുത്തു.
പവർപ്ലേ പിന്നിടുമ്പോൾ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക. ഓപ്പണർമാരായ ചമാരി അത്തപ്പത്തു (6), അനുഷ്ക സഞ്ജീവനി (2) എന്നിവർ റണ്ണൗട്ടായി. ഹർഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദിൽഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ നിലക്ഷ ഡിസിൽവ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മൽഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവർ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്കോർ 50 കടത്തിയത്. രണ്ട് സിക്സ് അവരുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്ക്കൊപ്പം പുരത്താവാതെ നിന്നു.