ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 9 റൺ തോൽവി. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 250 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലർ (75*), ഹെന്റിച്ച് ക്ലാസൻ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഒന്നാം വിക്കറ്റിൽ ജന്നെമൻ മലാൻ- ഡി കോക്ക് സഖ്യം 49 റൺസ് കൂട്ടിചേർത്തു. തെംബ ബവൂമ (8), എയ്ഡൻ മാർക്രം (0) എന്നിവർ പെട്ടന്ന് മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. ക്ലാസനൊപ്പം 39 റൺസ് കൂട്ടിചേർത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്. ക്ലാസനൊപ്പം ക്രീസിൽ ഡേവിഡ് വന്നതോടെ സ്കോർ വേഗത്തിൽ ഉയർന്നു. ഇരുവരും 139 റൺസ് കൂട്ടിചേർത്തു. 65 പന്തിൽ നിന്നാണ് ക്ലാസൻ 74 റൺസെടുത്തത്. ആറ് ഫോറും രണ്ട് സിക്സും ഇന്നിഗ്സിൽ ഉൾപ്പെടുന്നു. മില്ലർ 63 പന്തുകൾ നേരിട്ടു. മൂന്ന് സിക്സും അഞ്ച് ഫോറും ഇന്നിംഗിൽ ഇണ്ടായിരുന്നു. ഇന്ത്യയ്ക്കായി ശാർദുൽ താക്കൂർ രണ്ടും രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുക്കാനാണ് സാധിച്ചത്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ശുഭ്മാൻ ഗിൽ (3) മടങ്ങി. പിന്നാലെ ശിഖർ ധവാനും (4) പുറത്തായി. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദിനും ഇഷാൻ കിഷനും പക്ഷേ ആവശ്യമായ റൺറേറ്റിൽ സ്കോർ ഉയർത്താനായില്ല. അരങ്ങേറ്റ ഏകദിനം കളിച്ച ഗെയ്ക്വാദിന് 42 പന്തിൽ നിന്ന് ഒരു ബൗണ്ടറിയടക്കം നേടാനായത് 19 റൺസ് മാത്രം. 37 പന്തിൽ നിന്ന് 20 റൺസ് മാത്രമെടുത്ത ഇഷാൻ കിഷൻ 18-ാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ നാലിന് 51 റൺസെന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സഞ്ജു- ശ്രേയസ് സഖ്യം 67 റൺസ് കൂട്ടിചേർത്തു. 37 പന്തുകളിൽ നിന്നാണ് ശ്രേയസ് 50 റൺസെടുത്തത്. എട്ട് ബൗണ്ടറികൾ ശ്രേയസിൻ്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാൽ 27-ാം ഓവറിൽ ശ്രേയസിനെ മടക്കി ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ശാർദുൽ താക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു 93 റൺസ് ചേർത്തതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുണ്ടായിരുന്നു. 38ആം ഓവറാണ് കളി മാറ്റിയത്. എങ്കിഡി എറിഞ്ഞ ഓവറിൽ താക്കൂർ പുറത്ത്. ഇതോടെ കളി വിജയിപ്പിക്കുക എന്ന ഉത്തരവാദിത്തം പൂർണമായും സഞ്ജുവിലായി. രണ്ട് ഓവറിൽ ജയിക്കാൻ 37 റൺസ്. റബാഡ എറിഞ്ഞ ഓവറിൽ സഞ്ജു ഒരു പന്ത് പോലും ഫേസ് ചെയ്തില്ല. ഓവറിൽ പിറന്നത് 7 റൺസ്. അവസാന ഓവറിൽ വിജയിക്കാൻ 30 റൺസ്. ഷംസിയെ സിക്സർ പായിച്ച് തുടങ്ങിയ സഞ്ജു ഓവറിൽ മൂന്ന് ബൗണ്ടറികൾ കൂടി അടിച്ച് ആകെ 20 റൺസെടുത്തു. സഞ്ജു സാംസൺ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും കളി 9 റൺസിന് തോറ്റു. ദക്ഷിണാഫ്രിക്കക്കായി എൻഗിഡി മൂന്ന് വിക്കറ്റും, റബാദ രണ്ടു വിക്കറ്റും എടുത്തു.