ഇൻഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. മൂന്നാം ടി20 വൈകീട്ട് ഏഴിന് ഇൻഡോറിലാണ് നടക്കുന്നത്. മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അവസാന ടി-20 മത്സരത്തിൽ ലോകേഷ് രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. ഇതോടെ ശ്രേയാസ് അയ്യരും ഋഷഭ് പന്തും മത്സരത്തിൽ കളിച്ചേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
കോലിയുടെ അഭാവത്തിൽ വൺ ഡൗണായി സൂര്യയെത്തും. റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ചേക്കും. നാലാം നമ്പറിൽ ശ്രേയസ് അയ്യർ കളിക്കും. ദിനേശ് കാർത്തിക് അഞ്ചാം നമ്പറിലും അക്സർ പട്ടേൽ ആറാം നമ്പറിലും ഇറങ്ങുമ്പോൾ രവിചന്ദ്ര അശ്വിനാവും ഏഴാം നമ്പറിലെത്തുക. രണ്ടാം ടി-20യിൽ 16 റൺസിനായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല വിജയം. ലോകകപ്പിനുളള ഇന്ത്യൻ ടീം ആറാം തിയതി ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും.