അടുത്ത വർഷം നടക്കാനിരിക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരക്രമം പുറത്തിറക്കി ഐസിസി. 2023 ഫെബ്രുവരി 10നാണ് വനിതാ ലോകകപ്പ് ആരംഭിക്കുക. ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗൺ, പാൾ, കെബേഹ എന്നീ വേദികളിലാണ് മത്സരങ്ങൾ. സെമിഫൈനലും ഫൈനലും ഉൾപ്പടെയുള്ള മത്സരങ്ങൾ കേപ്പ്ടൗണിൽ നടക്കും. ആകെ 10 ടീമുകളാണ് ലോകകപ്പിൽ കളിക്കുക.
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ, അയർലൻഡ്
ബംഗ്ലാദേശ്, അയർലൻഡ് ടീമുകൾ യോഗ്യതാമത്സരങ്ങൾ കളിച്ചാണ് എത്തിയത്. 12ന് പാകിസ്താനെതിരെ കേപ്പ്ടൗണിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനൽ കളിക്കും. 23, 24 ദിവസങ്ങളിൽ കേപ്ടൗണിലാണ് സെമി ഫൈനലുകൾ. 26ന് കേപ്ടൗണിൽ തന്നെ ഫൈനലും നടക്കും.