ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 പതിനാറ് റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കേയാണ് ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് അടിച്ചുകൂട്ടിയത്. കെ എൽ രാഹുൽ (28 പന്തിൽ 57), രോഹിത് ശർമ്മ (37 പന്തിൽ 43), സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോലി (28 പന്തിൽ 49), ഡികെ(7 പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ. 22 പന്തിൽ അഞ്ചു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 61 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 96 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ൻ പാർനലും ലുംഗി എൻഗിഡിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷാണിഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ഏഴ് പന്ത് നേരിട്ട ക്യാപ്റ്റൻ തെംബാ ബാവുമ അക്കൗണ്ട് തുറക്കാതെ മടങ്ങി. റിലീ റൂസ്സോ(2 പന്തിൽ 0) കാർത്തിക്കിൻ്റെ ക്യാച്ചിൽ മടങ്ങി. 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സറും ഉൾപ്പടെ 33 റൺസുമായി ഏയ്ഡൻ മാർക്രവും മടങ്ങി. അവിടുന്നങ്ങോട്ടാണ് ക്വിൻറൺ ഡികോക്കും ഡേവിഡ് മില്ലറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.13 ഓവർ പൂർത്തിയാകുമ്പോൾ 110/3 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. മില്ലർ 25 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. ഇരുവരും ചേർന്ന് 58 പന്തിൽ 100 റൺസിൻ്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് എത്താൻ സന്ദർശകർക്ക് കഴിഞ്ഞില്ല. ഡേവിഡ് മില്ലർ 47 ബോളിൽ എട്ട് ഫോറും ഏഴ് സിക്സും സഹിതം 106 റൺസ് നേടി പുറത്താകാതെ നിന്നു. ഡികോക്ക് 48 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. കെ എൽ രാഹുലാണ് കളിയിലെ താരം. നാളെ ഇൻഡോറിലാണ് അവസാന കളി.