കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻറി-20യിൽ ഇന്ത്യയ്ക്ക് ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. 35 പന്തിൽ 41 റൺസെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മഹാരാജിന് പുറമെ 24 പന്തിൽ 25 റൺസെടുത്ത ഏയ്ഡൻ മാർക്രവും 37 പന്തിൽ 24 റൺസെടുത്ത വെയ്ൻ പാർണലുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ച് നിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ 33 പന്തിൽ 50 റൺസും കെ.എൽ രാഹുൽ 56 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി. ക്യാപ്റ്റൻ രോഹിത് ശർമ റൺസൊന്നും നേടാതെ പുറത്തായി. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്ലിക്ക് മൂന്ന് റൺസെടുക്കാനാണ് സാധിച്ചത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് കളിയിലെ താരം. ഒക്ടോബർ രണ്ടിന് ആസമിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടി20 മത്സരം.