ദുബായ്: ഹോങ്കോങിനെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് സൂപ്പർ ഫോറിലേക്ക്. 40 റൺസിനാണ് ഇന്ത്യ ഹോങ്കോങിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും (13 പന്തിൽ 21) ലോകേഷ് രാഹുലിനും (39 പന്തിൽ 36) എന്നിവരെ നഷ്ടമായതിനു ശേഷമാണ് ഇന്ത്യ വലിയ സ്കോറിലേക്ക് നീങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ നിസാഖത് ഖാന് (10) റണ്ണൗട്ടായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ടീമിന് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ബാബര്‍ ഹയാത് (41) മാത്രമാണ് ചെറുത്തുനിന്നത്. കിഞ്ചിത് ഷാ (30) റണ്‍സെടുത്തു. യാസിം മുര്‍താസ (9), ഐസാസ് ഖാന് (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്ടമായി. സീഷന്‍ അലി (26), സ്കോട്ട് മെക്കന്‍സി (16) എന്നിവര്‍ പുറത്താവാതെ സ്കോര്‍ 150 കടത്തി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മികച്ച ബൗളിങ്ങ് പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ആദ്യ കളിയിൽ പാകിസ്താനെ ടീം തോല്‍പ്പിച്ചിരുന്നു.