‘‘അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. ചിതയിലേക്ക് വെക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സുക്ഷിച്ചു വെക്കണം….’’ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനും സിപിഎം നേതാവുമായിരുന്ന പി കെ പ്രദീപ്കുമാർ അവസാന നാളിൽ ഭാര്യക്കും മക്കൾക്കുമെഴുതിയ കത്തിലെ വരികളാണിവ. പാർടിയെ അതിരറ്റ് സ്നേഹിച്ച പ്രദീപ്കുമാർ അന്തരിച്ചിട്ട് 20 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മക്കൾ പങ്കുവെച്ച ആ കത്താണ് ഇന്ന് സോഷ്യൽ മീഡിയയിൽ വെെറലായത്.
‘അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർടി ഓഫീസിൽ നിന്ന് ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സുക്ഷിച്ചു വെക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക.അതിൽ അച്ഛനുണ്ട് ലോക ജനതയുടെ പ്രതീക്ഷകളുണ്ട് അവ നിങ്ങളെ കാക്കും. പാർടിയോടെ ഒരു വിയോജിപ്പും ഉണ്ടാവരുത് അഥവാ ഉണ്ടായാൽ മറ്റിടങ്ങളിലേക്ക് ചേക്കേറരുത് നിശബ്ദരായിരിക്കുക.ഒരിക്കൽ നമ്മുടെ പാർടി അതിജീവിക്കും. എന്ന് മനു, കുഞ്ചു, രാജി എന്നിവർക്ക് അച്ഛൻ’ എന്നാണ് കത്തിലെ വരികൾ
ഒക്ടോബർ എട്ടിനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രദീപ്കുമാർ അന്തരിച്ചത്. അച്ഛൻ എഴുതിയെ കത്തിലെ വരികൾ ഞങ്ങൾക്ക് അഭിമാനമാണ്. ഒസ്യത്താണത്, അത് ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും– മക്കൾ പറഞ്ഞു. ഭാര്യ: രാജലക്ഷ്മി (അധ്യാപിക). മക്കൾ: മൻമോഹൻ (കെഎഎസ് ഓഫീസർ), രാജ്മോഹൻ (അഭിഭാഷകൻ), മരുമകൾ: എസ് കെ ശ്രുതി.