‘അന്ന് നയനാര്‍, ഇന്ന് കോടിയേരി; ബന്ധത്തിനെന്തൊരു ആഴമാണ്’
കോടിയേരിയുടെ വിയോഗം പാര്‍ട്ടിയെ തളര്‍ത്തുമ്പോള്‍ തകര്‍ന്ന് നില്‍ക്കുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരേ പാതയില്‍ ഒരുമിച്ച് നടന്നവര്‍, അതുപോലെ തന്നെ വലിയൊരു സഹോദര സ്‌നേഹം ഉള്ളില്‍ കാത്തുസൂക്ഷിച്ചവര്‍. ഇന്ന് ഈ ആത്മസുഹൃത്തിന്റെ വിയോഗം പിണറായി വിജയനെന്ന വ്യക്തിയില്‍ സൃഷ്ടിച്ചിരിക്കുന്ന ആഘാതം ചെറുതല്ല. കോടിയേരിയുടെ ഭൗതിക ശരീരത്തിനരികില്‍ നിന്ന് മാറാതെ മനസ് പിടഞ്ഞ് ഇരിക്കുന്ന പിണറായി വിജയന്റെ മുഖം കണ്ടുനില്‍ക്കാന്‍ പോലും കഴിയുന്നതല്ല.
ഈ വേളയില്‍ നിശാന്ത് മാവില വീട്ടില്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അന്ന് നയനാര്‍ ലോകത്തോട് വിടപറയുമ്പോള്‍ ഒരു മകനെ പോലെ അനിയനെ പോലെ ഭൗതിക ശരീരം തോളിലേറ്റാന്‍ പിണറായി ഉണ്ടായിരുന്നു, ഇന്ന് കോടിയേരി വിടപറയുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ജ്യേഷ്ഠനെ പോലെ തകര്‍ന്നിരിക്കുകയാണ്. ബന്ധത്തിനെന്തൊരു ആഴമാണെന്ന് നിശാന്ത് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
കുറിപ്പ്;
കുറേക്കൊല്ലം മുമ്പാണ്.
2004 ല്‍
ഗുഡ് ബൈ പറഞ്ഞ് നായനാര്‍
മറഞ്ഞു.
മൃതദേഹം തിരുവനന്തപുരം മുതല്‍
കണ്ണൂര്‍ വരെ വിലാപ യാത്രയായി
കൊണ്ടുവരികയാണ്..
നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍
മുന്നില്‍ ഒരാളുണ്ടായിരുന്നു.
തെക്ക് തൊട്ട് വടക്ക് വരെ
ആംബുലന്‍സില്‍
മൃതദേഹത്തിന് അരികില്‍
ഒരാളിരിപ്പുണ്ടായിരുന്നു..
അപ്പനെ നഷ്ടപ്പെട്ട
മകനെപ്പോലെ..
ചേട്ടനെ നഷ്ടപ്പെട്ട
കൊച്ചനുജനെപ്പോലെ..
പാര്‍ട്ടി സെക്രട്ടറിയായ
പിണറായി വിജയനായിരുന്നു അത്..
കാലം കടന്നുപോയി
കോടിയേരിയും പോയീ..
അപ്പോഴും
അരികില്‍
ഇരിപ്പുണ്ട് അയാള്‍..
മകനെ നഷ്ടപ്പെട്ട
അപ്പനെപ്പോലെ..
അനുജനെ നഷ്ടപ്പെട്ട
ചേട്ടനെ പ്പോലെ….
മുഖ്യമന്ത്രിയായ
പിണറായി വിജയനായിരുന്നു അത്..
ബന്ധത്തിനെന്തൊരു ആഴമാണ്!